ശിശു മന്ദിരത്തിലെ കുട്ടികള്‍ സിഎഎ പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന്; ഹര്‍ഷ് മന്ദറിനെതിരേ കേസെടുത്ത് ഡല്‍ഹി പോലിസ്

ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയിലാണ് നടപടി

Update: 2021-02-05 11:53 GMT

ന്യൂഡല്‍ഹി: ശിശുമന്ദിരത്തിലെ പെണ്‍കുട്ടികള്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിനെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുത്ത് ഡല്‍ഹി പോലിസ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് ഹര്‍ഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന നടത്തുന്ന രണ്ട് ശിശുമന്ദിരങ്ങള്‍ക്കെതിരേ നടപടിയെടുത്തത്.

    ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിന്റെ സെക്ഷന്‍ 75 (കുട്ടികളോടുള്ള ക്രൂരത), 83 (2) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കല്‍ എന്നിവയ്‌ക്കൊപ്പം ഐപിസി സെക്ഷന്‍ 188 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. എന്‍സിപിസിആര്‍ രജിസ്ട്രാറുടെ പരാതിയില്‍ ചൊവ്വാഴ്ച മെഹ്‌റോളി പോലിസ് സ്‌റ്റേഷനിലാണ് ശിശുമന്ദിരങ്ങളായ ഉമീദ് അമാന്‍ ഘര്‍, ഖുഷി റെയിന്‍ബോ ഹോം എന്നിവയ്‌ക്കെതിരേ കേസെടുത്തത്. സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് (സിഎസ്ഇ) സ്ഥാപിച്ച മന്ദിരങ്ങളിലെ ട്രസ്റ്റി മെംബറാണ് ഹര്‍ഷ് മന്ദര്‍. യുപിഎ കാലഘട്ടത്തില്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതിയില്‍ അംഗമായിരുന്നു ഹര്‍ഷ് മന്ദര്‍.

    2020 ഒക്ടോബറില്‍ എന്‍സിപിസിആര്‍ സംഘം ശിശുമന്ദിരങ്ങളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സൗത്ത് ഡല്‍ഹി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ അതുല്‍ താക്കൂര്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 30 ന് എന്‍സിപിസിആര്‍ സൗത്ത് ഡല്‍ഹി ഡിസിപിക്ക് 24 പേജുള്ള റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിലാണ്, 2019-20 ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ(സിഎഎ) പ്രതിഷേധത്തിനിടെ ശിശു മന്ദിരത്തിലെ നാലഞ്ചു പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചതായി പരിശോധനയില്‍ കണ്ടെത്തിയെന്ന് ആരോപിക്കുന്നത്. മാത്രമല്ല, 'സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും പാകിസ്ഥാനില്‍ പോരാട്ടം തുടരുകയാണെ'ന്നും ഉമ്മീദ് അമാന്‍ ഘറിലെ അന്തേവാസിയായ ഒരു ആണ്‍കുട്ടിയോട് പറഞ്ഞതായി റിപോര്‍ട്ടില്‍ ആരോപിക്കുന്നു. ഇത്തരം കാര്യങ്ങള്‍ 2015ലെ ജെജെ ആക്ടിന്റെ സെക്ഷന്‍ 83 (2) ന്റെ ലംഘനമാണ് കമ്മീഷന്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കാതെ ചെറിയ കാബിനുകളില്‍ 8-10 കുട്ടികളെ താമസിപ്പിക്കുന്നതായും ആരോപിച്ചിട്ടുണ്ട്. ലൈംഗികാതിക്രമം സംബന്ധിച്ച് 2012, 2013, 2016 വര്‍ഷങ്ങളില്‍ മൂന്ന് പരാതികള്‍ ലഭിച്ചെങ്കിലും ഭരണസമിതി ഗൗരവത്തിലെടുത്തില്ലെന്നും റിപോര്‍ട്ടിലുണ്ട്. അതേസമയം, പരിശോധനയില്‍ ലൈംഗികാതിക്രമം സംബന്ധിച്ച് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ പ്രസ്തുത വര്‍ഷങ്ങളിലെ പരാതികള്‍ ശരിയായ വിധം പരിശോധിച്ചില്ലെന്നുമാണ് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍, സിഎഎ വിരുദ്ധ പ്രക്ഷോഭം ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിനെതിരേ നിരന്തരം പോരാടുന്ന ഹര്‍ഷ് മന്ദറിനെതിരേ കേന്ദ്രനിയന്ത്രണത്തിലുള്ള ഡല്‍ഹി പോലിസിനെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആക്ഷോപവും ശക്തമായിട്ടുണ്ട്.

FIR Against Harsh Mander Run Children's Homes Over Cruelty And Abuse Allegations

Tags:    

Similar News