ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകനും ഹിന്ദുത്വവിമര്‍ശകനുമായ ഹര്‍ഷ് മന്ദറിന്റെ ഡല്‍ഹിയിലെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്(എഫ്‌സിആര്‍എ) ലംഘിച്ചെന്ന് ആരോപണവുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച രാവിലെ സിബിഐ ഉദ്യോഗസ്ഥര്‍ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമായ ഹര്‍ഷ് മന്ദറിന്റെ ഓഫിസിലും വസതിയിലും പരിശോധന നടത്തിയത്. ഹര്‍ഷ് മന്ദര്‍ സ്ഥാപിച്ച സര്‍ക്കാരിതര സംഘടനയായ അമന്‍ ബിരാദാരിയുടെ വിദേശ ധനസഹായത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രാലയം സിബിഐയോട് ശുപാര്‍ശ ചെയ്തിരുന്നു. സിബി ഐയുടെ ഒന്നിലേറെ സംഘങ്ങളാണ് അതിരാവിലെ റെയ്ഡ് നടത്തിയത്. ഹര്‍ഷ് മന്ദറിന്റെ വസതിയിലും സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ(സിഇഎസ്) ഓഫിസിലും റെയ്ഡ് തുടരുന്നതായാണ് റിപോര്‍ട്ട്.
സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ട് മാത്രമാണ് ഹര്‍ഷ് മന്ദറിനെ ലക്ഷ്യമിടുന്നതെന്ന് സുപ്രിം കോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. സിബിഐ ഹര്‍ഷ് മന്ദറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തുകയാണ്. ദുര്‍ബലര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി അക്ഷീണം പ്രയത്‌നിച്ച ഏറ്റവും സൗമ്യനും മനുഷ്യസ്‌നേഹവും ഉദാരമതിയുമായ പ്രവര്‍ത്തകരില്‍ ഒരാളാണ് അദ്ദേഹം. ഈ എല്ലാ ഏജന്‍സികളും വിമര്‍ശകരെ ലക്ഷ്യം വയ്ക്കാന്‍ നഗ്‌നമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. നേരത്തേ, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2021ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹര്‍ഷ് മന്ദറുമായി ബന്ധപ്പെട്ട ഓഫിസുകളിലും താമസ സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. സിഇഎസിനെതിരേ ഡല്‍ഹി പോലിസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി പരിശോധന. സര്‍ക്കാര്‍ ഹര്‍ഷ് മന്ദറിനെ ലക്ഷ്യം വയ്ക്കുന്നത് തുടരുകയാണെന്ന് ആക്ടിവിസ്റ്റ് കവിതാ ശ്രീവാസ്തവ പറഞ്ഞു. ഇഡി, ഇന്‍കംടാക്‌സ്, ഡല്‍ഹി പോലിസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എന്നിവയുടെ പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനാല്‍ അവര്‍ സിബിഐയോടെ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതാണെന്നും അവര്‍ കുറ്റപ്പെടുത്തി.