മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന്; ലോറി ഉടമ മനാഫിനെതിരേ കേസ്

അര്‍ജുന്റെ സഹോദരിയുടെ പരാതിയിലാണ് നടപടി. യൂട്യൂബ് ചാനലിലൂടെ കുടുംബത്തെ പകീര്‍ത്തിപ്പെടുത്തിയെന്ന്.

Update: 2024-10-04 05:39 GMT

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ലോറി ഡ്രൈവര്‍ അര്‍ജുന്റെ സഹോദരിയുടെ പരാതിയില്‍ ലോറി ഉടമ മനാഫിനെതിരേ കേസ്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഉള്‍പ്പടെ യൂട്യൂബ് ചാനലിലൂടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വേട്ടയാടപ്പെടുന്നുവെന്നും കാണിച്ച് അര്‍ജുന്റെ സഹോദരി അഞ്ജു നല്‍കിയ പരാതിയിലാണ് ചേവായൂര്‍ പോലിസ് കേസെടുത്തത്. സിറ്റി പോലിസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് ബിഎന്‍എസ് 192,120 (ഒ) കേരള പോലിസ് ആക്ട് (സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അര്‍ജുന്റെ തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും കുടുംബ പശ്ചാത്തലവും യൂ ട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചെന്നും വൈകാരികത മുതലെടുത്ത് പ്രചാരണം നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. അതേസമയം, വലിയ മാനസികസംഘര്‍ഷത്തിലാണെന്നും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മനാഫ് പ്രതികരിച്ചു. കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം തീര്‍ന്നെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ ദിവസം അര്‍ജുന്റെ കുടുംബം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മനാഫിനെതിരേ രംഗത്തെത്തിയത്. പണപ്പിരിവ് നടത്തുന്നുവെന്നും കുടുംബത്തിന്റെ വൈകാരികത മുതലെടുത്ത് മനാഫും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും പ്രചാരണം നടത്തുന്നുവെന്നുമായിരുന്നു ആരോപണം. പിന്നാലെ, പണപ്പിരിവ് നിഷേധിച്ച് രംഗത്തെത്തിയ മനാഫ്, തെളിയിച്ചാല്‍ കല്ലെറിഞ്ഞ് കൊന്നോളൂവെന്നും പറഞ്ഞിരുന്നു. മാത്രമല്ല, ആക്ഷന്‍ കമ്മിറ്റിയും മനാഫും കുടുംബാംഗങ്ങളും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വൈകാരികമായി പ്രതികരിച്ചതില്‍ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News