'വസ്ത്രമുരിയും, തലകീഴായി തൂക്കിയിടും'; ഇന്‍ഡോറിലെ അനാഥാലയത്തില്‍ 21 കുട്ടികള്‍ക്ക് കൊടും പീഡനം

Update: 2024-01-19 11:36 GMT

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു അനാഥാലയത്തിലെ 21 ഓളം കുട്ടികള്‍ക്ക് ജീവനക്കാരില്‍ നിന്ന് കൊടുപീഡനം നേരിട്ടതായി പോലിസ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (സിഡബ്ല്യുസി) ഒരു സംഘം കഴിഞ്ഞയാഴ്ച അനാഥാലയത്തില്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് പീഡന വിവരങ്ങള്‍ പുറത്തായത്. വാല്‍സല്യപുരം ജെയിന്‍ ട്രസ്റ്റിനു കീഴിലുള്ള അനാഥാലയത്തിനെതിരേയാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ട്രസ്റ്റിനു കീഴില്‍ ബെംഗളൂരു, സൂറത്ത്, ജോധ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലും അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ചെറിയ ചെറിയ തെറ്റുകള്‍ക്ക് ജീവനക്കാര്‍ പീഡിപ്പിക്കാറുണ്ടെന്ന് കുട്ടികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പോലിസ് പറഞ്ഞു. 'തങ്ങളെ തലകീഴായി തൂക്കിയിടുകയും ചൂടുള്ള ഇരുമ്പ് കൊണ്ട് അടിക്കുകയും ചെയ്യും. വസ്ത്രം അഴിച്ചതിന് ശേഷം ഫോട്ടോയെടുക്കുകയും ചെയ്തതായി കുട്ടികള്‍ സംഘത്തോട് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചുവന്ന മുളക് കത്തിച്ചതില്‍ നിന്നുള്ള പുക ശ്വസിപ്പിക്കും. നാലുവയസ്സുള്ള കുട്ടിയെ കുളിമുറിയില്‍ പൂട്ടിയിട്ടു. പാന്റില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതിന് രണ്ട് മൂന്ന് ദിവസത്തേക്ക് ഭക്ഷണം നല്‍കിയില്ലെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. അനാഥാലയത്തിലെ അഞ്ച് ജീവനക്കാര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

    'സിഇസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അനാഥാലയം ഉടന്‍ സീല്‍ ചെയ്യുകയും കുട്ടികളെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്തതായി ഇന്‍ഡോര്‍ അഡീഷനല്‍ പോലിസ് കമ്മീഷണര്‍ അമ്രേന്ദ്ര സിങ് പറഞ്ഞു. ദുരുപയോഗം സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കുകയാണ്. പരാതിക്കൊപ്പം കുട്ടികളുടെ പരിക്കിന്റെ ചിത്രങ്ങളും സംഘം സമര്‍പ്പിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അനാഥരായ കുട്ടികളാണ് സ്ഥാപനത്തിലുള്ളത്.

Tags:    

Similar News