എല്‍ഗാര്‍ പരിഷത്തിലെ പ്രസംഗം: ഷര്‍ജീല്‍ ഉസ്മാനിക്കെതിരേ കേസെടുത്തു

ബിജെപിയുടെ യുവജന വിഭാഗമായ യുവ മോര്‍ച്ചയുടെ പരാതിയെ തുടര്‍ന്നാണ് ഉസ്മാനിക്കെതിരെ കേസെടുത്തത്.

Update: 2021-02-03 09:41 GMT

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് ശൗര്യ ദിന്‍ പ്രേരണ അഭിയാന്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത് കോണ്‍ക്ലേവില്‍ പ്രസംഗിച്ച വിദ്യാര്‍ഥി നേതാവും ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ദേശീയ സെക്രട്ടറിയുമായ ഷാര്‍ജീല്‍ ഉസ്മാനിക്കെതിരേ പോലിസ് കേസെടുത്തു. ഐപിസി 153(എ) പ്രകാരമാണ് പൂനെ സ്വാര്‍ഗേറ്റ് പോലിസ് കേസെടുത്തത്.

ബിജെപിയുടെ യുവജന വിഭാഗമായ യുവ മോര്‍ച്ചയുടെ പരാതിയെ തുടര്‍ന്നാണ് ഉസ്മാനിക്കെതിരെ കേസെടുത്തത്.

'ഇന്ത്യന്‍ ഭരണകൂടം, പാര്‍ലമെന്റ്, ജുഡീഷ്യറി എന്നിവയില്‍ തനിക്ക് വിശ്വാസമില്ലെന്ന് പറഞ്ഞതിനാല്‍ ഐപിസി 124 എ കേസെടുക്കാന്‍ ഞങ്ങള്‍ പോലിസിനോട് അഭ്യര്‍ത്ഥിച്ചു. എല്‍ഗര്‍ പരിഷത്തിന്റെ സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്നും ഞങ്ങള്‍ പറഞ്ഞു'. പരാതിക്കാരനും ബിജെപി നേതാവുമായ പ്രദീപ് ഗവാഡെയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഉസ്മാനിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കത്തെഴുതിയിരുന്നു.

ഡിസംബര്‍ 15 ന് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഉസ്മാനിയെ കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ് ഷര്‍ജീല്‍ ഉസ്മാനി.

ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ബിജെപിയുടെ കണ്ടിവ്‌ലി എംഎല്‍എ അതുല്‍ ഭട്ഖാല്‍ക്കറും ഉസ്മാനിക്കെതിരെ ദിന്ദോഷി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പൗരത്വ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാല്‍ ബിജെപിയും ഭരണകൂടവും ഷര്‍ജീല്‍ ഉസ്മാനിയെ ലക്ഷ്യം വക്കുന്നതായി ആരോപണം ഉയരുന്നതിനിടേയാണ് പുതിയ കേസ്.

ഷര്‍ജീല്‍ ഇമാം തന്റെ പ്രസംഗത്തില്‍ ഹിന്ദുത്വ നേതാക്കളെയും റിപ്പബ്ലിക് ടിവി, ടൈംസ് നൗ, സീ ന്യൂസ്, ഒപിഇന്‍ഡിയ എന്നിവയുള്‍പ്പെടെ വലതുപക്ഷ മാധ്യമങ്ങളെയും വിമര്‍ശിച്ചു.

രോഹിത് വെമുലയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ഭീമ കൊരേഗാവ് ശൗര്യ ദിന്‍ പ്രേരണ അഭിയാന്‍ ജനുവരി 30 ന് പൂനെയില്‍ എല്‍ഗാര്‍ പരിഷത്ത് സംഘടിപ്പിച്ചത്.

ഉസ്മാനിയെ കൂടാതെ, എഴുത്തുകാരി അരുന്ധതി റോയ്, മുന്‍ ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍, മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ, ദലിത് ആക്ടിവിസ്റ്റ് സത്യഭാമ സൂര്യവാന്‍ഷി,ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍, റിട്ട. ഐപിസി ഓഫിസര്‍ എസ് എം മുഷ് രിഫ്, വിദ്യാര്‍ത്ഥി നാതാവ് ഐഷാ റെന്ന, പായല്‍ തട് വി, സഞ്ജീവ് ഭട്ട്, രോഹിത് വെമുല എന്നിവരുടെ കുടുംബാംഗങ്ങളും ഈ വര്‍ഷത്തെ പരിപാടിയുടെ ഭാഗമായി.

Tags:    

Similar News