കാസര്‍കോട് ഇരട്ടക്കൊല: രാഷ്ട്രീയവൈര്യം മൂലമെന്ന് എഫ്‌ഐആര്‍; പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍

കൊലപാതകം രാഷ്ട്രീയവൈരാഗ്യം മൂലമാണെന്നാണ് റിപോര്‍ട്ടിലെ കണ്ടെത്തല്‍. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിലുള്ള പ്രതികാരമായാണ് ആക്രമണമുണ്ടായത്. സിപിഎം പ്രവര്‍ത്തകരെ പ്രതികളാക്കിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ടവര്‍ക്ക് നേരത്തെ ഭീഷണിയുണ്ടായിരുന്നതായും എഫ്‌ഐആര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനിടെ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ഇന്‍ക്വസ്റ്റ് റിപോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നു.

Update: 2019-02-18 05:05 GMT

കാസര്‍കോഡ്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടാക്കി എഫ്‌ഐആര്‍ റിപോര്‍ട്ട്. കൊലപാതകം രാഷ്ട്രീയവൈരാഗ്യം മൂലമാണെന്നാണ് റിപോര്‍ട്ടിലെ കണ്ടെത്തല്‍. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിലുള്ള പ്രതികാരമായാണ് ആക്രമണമുണ്ടായത്. സിപിഎം പ്രവര്‍ത്തകരെ പ്രതികളാക്കിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ടവര്‍ക്ക് നേരത്തെ ഭീഷണിയുണ്ടായിരുന്നതായും എഫ്‌ഐആര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനിടെ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ഇന്‍ക്വസ്റ്റ് റിപോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നു.

ശരത് ലാലിനാണ് ഏറ്റവും കൂടുതല്‍ വെട്ടേറ്റിട്ടുള്ളത്. ഇരുകാലിലുമായി അഞ്ച് വെട്ടുകളാണുള്ളത്. ഒരു കാലില്‍ മാത്രം നാല് വെട്ടുകളുണ്ട്. അസ്തികള്‍ നുറുങ്ങുകയും മാംസം പുറത്തുവരികയും ചെയ്തിട്ടുണ്ട്. കൃപേഷിന് തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണമായത്. 11 സെന്റീ മീറ്റര്‍ നീളത്തിലും രണ്ട് സെന്റീ മീറ്റര്‍ വീതിയിലുമുളളതാണ് മുറിവ്. തലയോട്ടിയും തകര്‍ന്നിട്ടുണ്ട്. ശരത് ലാലിനെ ആക്രമിക്കാനാണ് സംഘമെത്തിയത്. ശരത് ലാലിനെ കൊലപ്പെടുത്തിയശേഷം ദൃക്‌സാക്ഷിയില്ലാതാക്കുന്നതിനുവേണ്ടിയാണ് കൃപേഷിനെ ആക്രമിച്ചത്. ശരത് ലാലിനെ ആക്രമിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ട കൃപേഷിനെ പിന്തുടര്‍ന്നാണ് വെട്ടിയതെന്നാണ് പോലിസ് നല്‍കുന്ന വിവരം.

അതേസമയം, കൊലപാതകത്തെക്കുറിച്ച് പ്രത്യേക പോലിസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. കൊലപാതകം നടന്ന സ്ഥലത്ത് പോലിസ് നടത്തിയ തിരച്ചിലില്‍ രണ്ട് മൊബൈല്‍ഫോണ്‍, ചെരിപ്പ്, വാളിന്റെ പിടി എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. കണ്ണൂര്‍ റേഞ്ച് ഐജി ബെല്‍റാം കുമാര്‍ ഉപാധ്യായ ജില്ലയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും എഫ്‌ഐആറിലെ വിവരങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പോലിസ് മേധാവി എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരും ഇന്ന് രാവിലെ യോഗം ചേര്‍ന്ന് അന്വേശണ പുരോഗതി വിലയിരുത്തി. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും കൊലപാതകം രാഷ്ടീയപ്രേരിതമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് മാത്രമെ പറയാന്‍ കഴിയൂ എന്നും എസ്പി വ്യക്തമാക്കി. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളും പ്രത്യേകം പരിശോധിക്കും. കൊല്ലപ്പെട്ടവരെ നേരത്തെ ഭീഷണിപ്പെടുത്തിയ സംഭവം അടക്കം അന്വേഷണപരിധിയിലുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News