ഫണ്ട് തിരിമറി ആരോപണം;മേധാ പട്കര്‍ക്കെതിരേ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് മധ്യപ്രദേശ് പോലിസ്
ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയിലെ അംഗമാണെന്നും മേധാ പട്കര്‍ ചൂണ്ടിക്കാട്ടി
ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ അടക്കം 12 പേര്‍ക്കെതിരേ കേസെടുത്ത് മധ്യപ്രദേശ് പോലിസ്.ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്ക് വേണ്ടി ശേഖരിച്ച ഫണ്ട് ദുരുപയോഗം ചെയ്‌തെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. മേധാ പട്കര്‍ ട്രസ്റ്റിയായ 'നര്‍മദ നവനിര്‍മാണ്‍ അഭിയാ'ന്റെ നേതൃത്വത്തില്‍ സമാഹരിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.
മേധാ പട്കര്‍ക്ക് പുറമെ പര്‍വീണ്‍ റുമി ജഹാംഗീര്‍, വിജയ ചൗഹാന്‍, കൈലാഷ് അവസ്യ, മോഹന്‍ പടിദാര്‍, ആഷിഷ് മണ്‍ഡ്‌ലോയ്, കേവല്‍ സിങ് വാസവെ, സഞ്ജയ് ജോഷി, ശ്യാം പാട്ടീല്‍, സുനിത് എസ് ആര്‍, നൂര്‍ജി പട്‌വി, കേശവ് വാസവെ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മധ്യപ്രദേശിലെ ബര്‍വാനി ജില്ല സ്വദേശിയായ പ്രിതംരാജ് ബഡോലെ ആണ് പരാതിക്കാരന്‍.
ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ധനസഹായം നല്‍കാമെന്ന് പറഞ്ഞ് മേധാ പട്കര്‍ 13 കോടിയിലധികം രൂപ തട്ടിയെടുത്തതായി പരാതിക്കാരന്‍ ആരോപിച്ചു. 2007 നും 2022 നും ഇടയില്‍ ആദിവാസി ദരിദ്രരുടെ വിദ്യാഭ്യാസത്തിനായി ശേഖരിച്ച സംഭാവനകളുടെ കണക്കില്ലാത്തതിനാല്‍, മേധാ പട്കര്‍ ഫണ്ട് ദുരുപയോഗം ചെയ്തതായും പരാതിയില്‍ പറയുന്നു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ മേധാപട്കര്‍ തള്ളി. വിഷയത്തില്‍ പോലിസ് തനിക്ക് നോട്ടിസ് നല്‍കിയിട്ടില്ലെന്നും എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കാന്‍ തയ്യാറാണെന്നും മേധാ പട്കര്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയിലെ അംഗമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പാവങ്ങള്‍ക്ക് ഉപജീവനോപാധി ഒരുക്കുന്നതിനാണ് ട്രസ്റ്റ് പണം ഉപയോഗിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. സിഎസ്ആര്‍ ഫണ്ടുകള്‍ ഞങ്ങള്‍ സ്വീകരിക്കാറില്ല, അവര്‍ പറഞ്ഞു.
ട്രസ്റ്റിന്റെ സാമ്പത്തിക നില സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തയ്യാറാണ്. വിദേശ പണം സ്വീകരിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ലഫ്. ഗവര്‍ണറുമായി നടന്ന കേസില്‍ ഞങ്ങള്‍ക്കായിരുന്നു വിജയം. ബാങ്ക് അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്നുണ്ട്. മേലിലും ഇത്തരം കാര്യങ്ങളില്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും മേധാ പട്കര്‍ പറഞ്ഞു.