സൂമിയില്‍ നിന്ന് 694 ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ആദ്യ വാഹന വ്യൂഹം പുറപ്പെട്ടു

ഒഴിപ്പിക്കല്‍ അവസാനിക്കുന്നതുവരെ ആക്രമണം നടത്തരുതെന്ന് യുക്രെയ്ന്‍ റഷ്യയോട് ആവശ്യപ്പെട്ടു

Update: 2022-03-08 10:29 GMT
സൂമി:യുക്രെയ്‌നിലെ സൂമി നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കല്‍ ആരംഭിച്ചു.ഇവര്‍ക്കായി സുരക്ഷിത പാത തുറന്നതായി അധികൃതര്‍ അറിയിച്ചു.ഇക്കൂട്ടത്തില്‍ 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമുണ്ട്.ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ആദ്യ വാഹന വ്യൂഹം പുറപ്പെട്ടതായി സൂമി ഗവര്‍ണര്‍ അറിയിച്ചു.പോള്‍ട്ടോവയിലേക്കാണ് ഇവരെ മാറ്റുന്നത്.

പോള്‍ട്ടോവയില്‍ നിന്ന് പടിഞ്ഞാറന്‍ അതിര്‍ത്തിവഴി ഇവരെ യുക്രെയ്‌ന് പുറത്തെത്തിക്കാനാണ് ശ്രമം. ബസുകളില്‍ ഇന്ത്യക്കാര്‍ക്ക് പുറമേ, മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും നാട്ടുകാരുമുണ്ട്. ഒഴിപ്പിക്കല്‍ അവസാനിക്കുന്നതുവരെ ആക്രമണം നടത്തരുതെന്ന് യുക്രെയ്ന്‍ റഷ്യയോട് ആവശ്യപ്പെട്ടു.

അതേസമയം, സൂമിയില്‍ റഷ്യ ആക്രമണം തുടരുന്നതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ബോംബ് ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവിടെനിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഇന്ത്യ ഇന്നലെ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. കടുത്ത ഷെല്ലാക്രമണം കാരണം ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തി വയ്‌ക്കേണ്ടിവന്നിരുന്നു.

ഇന്ത്യാക്കാര്‍ അടക്കം എല്ലാ സിവിലിയന്മാരെയും സുരക്ഷിതമായി പുറത്തെത്തിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം റഷ്യയോടും യൂക്രെയ്‌നോടും ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. യൂക്രെയ്‌നില്‍ നിന്നും 20,000 ത്തോളം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

Tags:    

Similar News