ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് ഏറെ മുമ്പ് തന്നെ ചൈനയില്‍ കൊവിഡ് വ്യാപനം ഉണ്ടായതായി പഠനം
. ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനും രണ്ട് മാസങ്ങള്‍ക്ക് മുമ്പെങ്കിലും മനുഷ്യര്‍ക്കിടയില്‍ വൈറസ് വ്യാപിക്കാന്‍ തുടങ്ങിയിട്ടുണ്ടാകാമെന്നാണ് ബ്രിട്ടനിലെ കെന്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ പുതിയ ഡാറ്റാ മോഡലിങ് സംരക്ഷണ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തിയ പഠനം പറയുന്നത്.
കോവിഡ് 19ന് കാരണമാകുന്ന വൈറസിന്റെ ആവിര്‍ഭാവത്തിന് ഏറ്റവും സാധ്യതയുള്ള തീയതി 2019 നവംബര്‍ 17 ആണെന്നാണ് പിഎല്‍ഒസ് പാത്തോജീന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച വിശകലനത്തില്‍ പറയുന്നത്.
അതേസമയം ആദ്യത്തെ ഔദ്യോഗിക കേസ് ചൈന രേഖപ്പെടുത്തിയത് 2019 ഡിസംബര്‍ ആദ്യമാണ്. ഹുവാന്‍ നഗരത്തിലെ സെന്‍ട്രല്‍ സിറ്റിയിലെ ഹുവാനന്‍ സീഫുഡ് മാര്‍ക്കറ്റുമായാണ് ഈ വൈറസ് ബാധ ബന്ധപ്പെട്ട് കിടക്കുന്നത്.
എന്നാല്‍ മാര്‍ക്കറ്റിലെ വ്യക്തിക്ക് വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനും വളരെ മുമ്പ് തന്നെ ആളുകള്‍ക്കിടയില്‍ വൈറസ് വ്യാപിക്കുന്നുണ്ടായേക്കാമെന്ന് വിദഗ്ദ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ചൈനയും ലോകാരോഗ്യ സംഘടനയും ഈ വര്‍ഷം മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച സംയുക്ത പഠനത്തിലും വുഹാനിലെ പൊട്ടിപ്പുറപ്പെടലിന് മുമ്പ് തന്നെ മനുഷ്യരില്‍ വൈറസ് ബാധയുണ്ടായിട്ടുണ്ടാകമെന്ന് അഭിപ്രായപ്പെടുന്നുണ്ട്.
2020 ജനുവരിയാണ് ലോകമെമ്പാടും വൈറസ് കേസുകള്‍ വ്യാപിക്കാന്‍ തുടങ്ങിയത്. ചൈനയ്ക്ക് പുറത്തുള്ള ആദ്യത്തെ കേസുകള്‍ ജനുവരി മൂന്നിന് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലുകള്‍ വ്യക്തമാക്കുന്നത്. യൂറോപ്പില്‍, ആദ്യത്തെ അണുബാധ ജനുവരി 12 ഓടെയും സ്‌പെയിനിലും അമേരിക്കയില്‍ ആദ്യത്തെ കേസ് ജനുവരി 16 നും സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.