ഒന്നാം മാറാട് കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
തെക്കേപ്പുറത്ത് അബൂബക്കര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളാണ് ജാമ്യം ലഭിച്ച ഷാജിയും ശശിയും. 2002 ജനവരി നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ന്യൂഡല്‍ഹി: ഒന്നാം മാറാട് കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തെക്കേത്തൊടി ഷാജി, ഈച്ചരന്റ പുരയില്‍ ശശി എന്നിവര്‍ക്ക് സുപ്രിംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇരുവരും കേരളത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
മാറാട് ഒന്നാം കലാപത്തില്‍ തെക്കേപ്പുറത്ത് അബൂബക്കര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളാണ് ജാമ്യം ലഭിച്ച ഷാജിയും ശശിയും. 2002 ജനവരി നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലാപത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിക്കോയ, യൂനസ് എന്നിവരുടെ മൃതദേഹങ്ങള്‍ കബറടക്കുന്നതിനായി പോകുന്നതിനിടെയാണ് പ്രതികള്‍ അബൂബക്കറെ കൊലപ്പെടുത്തിയത്. അരയസമാജം മുന്‍ സെക്രട്ടറി സുരേഷ് ഉള്‍പ്പടെ കേസിലെ 12 പ്രതികളെ ഹൈകോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
ജാമ്യത്തില്‍ ഇറങ്ങുന്ന പ്രതികള്‍ താമസം മംഗലാപുരത്തേക്ക് മാറ്റണം. എല്ലാ തിങ്കളാഴ്ചയും മംഗലാപുരം പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. 50,000 രൂപ ജാമ്യതുകയായി കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഇരുവരും 10 വര്‍ഷത്തിലധികം തടവുശിക്ഷ അനുഭവിക്കുന്നതായി പ്രതികള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും, അഭിഭാഷകന്‍ കെകെ സുധീഷും വാദിച്ചു.
എന്നാല്‍ ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. 1952 മുതല്‍ മാറാട് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങള്‍ നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് വേദിയായിട്ടുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെഎന്‍ ബാലഗോപാല്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ്, അഭിഭാഷകന്‍ ജിഷ്ണു എന്നിവര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ സ്‌കൂളുകളില്‍ കയറി വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകരെ പോലും കൊലപ്പെടുത്തിയ ചില സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.