കാസര്‍ഗോഡ് നവോദയ സ്‌കൂളിലെ അഞ്ച് കുട്ടികള്‍ക്ക് എച്ച്1 എന്‍1; 67 കുട്ടികള്‍ നിരീക്ഷണത്തില്‍
67 കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 520 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ കുട്ടികള്‍ക്ക് കൂട്ടത്തോടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ അസൗകര്യമുള്ളതിനാല്‍ സ്‌കൂളില്‍ത്തന്നെ പ്രത്യേക വാര്‍ഡ് തുറന്ന് ചികില്‍സ നടത്തുകയാണ് ആരോഗ്യവകുപ്പ്.
കാസര്‍ഗോഡ്: ജില്ലയിലെ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ അഞ്ചുകുട്ടികള്‍ക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു. 67 കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 520 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ കുട്ടികള്‍ക്ക് കൂട്ടത്തോടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ അസൗകര്യമുള്ളതിനാല്‍ സ്‌കൂളില്‍ത്തന്നെ പ്രത്യേക വാര്‍ഡ് തുറന്ന് ചികില്‍സ നടത്തുകയാണ് ആരോഗ്യവകുപ്പ്.
പനി ഗുരുതരമായ രണ്ട് കുട്ടികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാല് കുട്ടികള്‍ വീട്ടിലേക്ക് ചികില്‍സ തേടിപ്പോയി. അഞ്ചുകുട്ടികളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ ആശുപത്രിയിലേക്ക് അയച്ച് പരിശോധന നടത്തിയിരുന്നു. ഇതിലാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്. ഇതോടെയാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 67 കുട്ടികളെ പ്രത്യേകം ചികില്‍സിക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയിലേക്ക് മാറ്റാതെ സ്‌കൂളില്‍ത്തന്നെ ചികില്‍സ നല്‍കാനായിരുന്നു തീരുമാനം. അതിനായി എല്ലാ സൗകര്യങ്ങളും സ്‌കൂളിലെത്തിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളാണ് തുറന്നിരിക്കുന്നത്. 37 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.
എച്ച്1 എന്‍1 ബാധയുടെ ഉറവിടമെന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ പേരിലേക്ക് പനി പടരാതിരിക്കാന്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. എല്ലാവിധ ചികില്‍സയും കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. കുട്ടികളെ വീട്ടിലേക്ക് ഇപ്പോള്‍ മടക്കി അയക്കേണ്ടതില്ലെന്നാണ് തീരുമാനം. രോഗബാധയുള്ള കുട്ടികള്‍ വീട്ടിലെത്തിയാല്‍ പ്രായമായവരിലേക്കും കൊച്ചുകുട്ടികളിലേക്കും രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് രോഗം പൂര്‍ണമായും ഭേദമായശേഷം ഇവരെ വീടുകളിലേക്ക് വിടാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.