ഷാര്‍ജ: അന്നഹ്ദയിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. 44 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച്ച രാത്രി 10ഓടെയാണ് താമസസമുച്ചയത്തില്‍ തീപ്പിടിത്തമുണ്ടായത്. സാരമായി പരിക്കേറ്റ 17 പേരെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 27 പേരുടെ പരിക്ക് ഗുരതരമല്ല. അന്നഹ്ദയിലെ 38 നിലകളുള്ള താമസകെട്ടിടത്തിലാണ് തീപ്പിടിച്ചത്. താമസക്കാരില്‍ പലര്‍ക്കും പുക ശ്വസിച്ച് ശ്വാസം മുട്ടലുണ്ടായി. ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനയും പോലിസും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. 18, 26 നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നാണ് തീ പടര്‍ന്നത്. ആഫ്രിക്കക്കാരും ജിസിസി പൗരന്‍മാരുമാണ് കെട്ടിടത്തിലെ താമസക്കാരില്‍ ഭൂരിഭാഗവും. കെട്ടിടത്തിന്റെ 33 നിലകളിലാണ് ആളുകള്‍ താമസിക്കുന്നത്. താഴെയുള്ള അഞ്ച് നിലകള്‍ പാര്‍ക്കിങ് ആണ്. ഓരോ നിലയിലും എട്ട് ഫ്‌ളാറ്റുകള്‍ വീതമാണുള്ളത്. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.