'പ്രളയകാലത്തെ രക്ഷകന്‍' ബിജെപിയില്‍ ചേര്‍ന്നെന്ന് വ്യാജ പ്രചാരണം; നിയമ നടപടി സ്വീകരിക്കുമെന്ന് ജെയ്‌സല്‍
ബിജെപിയിലേക്ക് പോകില്ലെന്ന് ഉറച്ച മനസ്സുള്ള വ്യക്തിയാണ്. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും'. ജെയ്‌സല്‍ പറഞ്ഞു.
മലപ്പുറം: പ്രളയകാലത്ത് മുതുക് ചവിട്ടുപടികളാക്കി രക്ഷാപ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ മല്‍സ്യത്തൊഴിലാളി ജെയ്‌സല്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് വ്യാജ പ്രചാരണം. ജെയ്‌സലിനെ ബിജെപി സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും ചേര്‍ന്ന് ആദരിക്കുന്ന ചിത്രം പങ്കുവച്ചാണ് ജെയ്‌സല്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വ്യാജ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ബിജെപിയുടെ വ്യാജ പ്രചാരണത്തിനെതിരേ ജെയസല്‍ രംഗത്തെത്തി. ബിജെപിയിലേക്ക് പോകില്ലെന്ന് ഉറച്ച മനസ്സുള്ള വ്യക്തിയാണെന്ന് താനെന്ന് അദ്ദേഹം പ്രതികരിച്ചു.
തിരൂരങ്ങാടിയിലെ ബിജെപി സ്ഥാനാര്‍ഥി സത്താര്‍ഹാജി ജെയ്‌സലിനെ കാണാനെത്തിയിരുന്നു. ഈ ഘട്ടത്തില്‍ ജെയ്‌സലിനെ സ്ഥാനാര്‍ത്ഥിയും ബിജെപി പ്രവര്‍ത്തകരും ആദരിച്ചിരുന്നു. ഈ ഫോട്ടോ ഉപയോഗിച്ചാണ് ജെയ്‌സല്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന പ്രചരണം തകൃതിയായി നടക്കുന്നത്.
'എന്റെ വീട്ടില്‍ ബിജെപി സ്ഥാനാര്‍ഥി വന്ന് വോട്ടഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം എന്നെ ആദരിക്കണമെന്ന് പറഞ്ഞു. ഒരുപാട് രാഷ്ട്രീയക്കാര്‍ എന്നെ ആദരിച്ചിട്ടുണ്ട്. ആ നിലയിലാണ് അതിനെ കണ്ടത്. ഞാനൊരു സിപിഎം അനുഭാവിയാണ്. അതില്‍ തന്നെ ഇപ്പോഴും വിശ്വസിക്കുന്നു. ബിജെപിയിലേക്ക് പോകില്ലെന്ന് ഉറച്ച മനസ്സുള്ള വ്യക്തിയാണ്. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും'. ജെയ്‌സല്‍ പറഞ്ഞു.