കൊവിഡ്: റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിനേക്കാള്‍ മികച്ചത് ഇന്ത്യയുടെ 'ഫെലൂഡ'യെന്ന് ശാസ്ത്രജ്ഞര്‍
ന്യൂഡല്‍ഹി: കൊവിഡ് കണ്ടെത്താനുള്ള റാപ്പിഡ് ആന്റിജന്‍ പരിശോധനയേക്കാള്‍ കൂടുതല്‍ കൃത്യതയും വേഗതയുമുള്ളത് ഇന്ത്യയുടെ സിആര്‍എസ്പിആര്‍ 'ഫെലൂഡ' പരിശോധനയ്‌ക്കെന്ന് ശാസ്ത്രജ്ഞര്‍. രോഗനിര്‍ണയത്തിന് വിലകുറഞ്ഞതും വേഗതയേറിയതും ലളിതവുമായ ഒരു ബദലാണ് ഇതെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഫെലൂഡ ടെസ്റ്റിന് 500 രൂപയാണ് വില. 45 മിനിറ്റിനുള്ളില്‍ ഫലം നല്‍കാനും ജനിതക വ്യതിയാനങ്ങള്‍ വേര്‍തിരിച്ചറിയാനും കഴിയും. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി), ടാറ്റാ ഗ്രൂപ്പ് എന്നിവ വികസിപ്പിച്ചെടുത്ത ക്ലസ്‌റ്റേര്‍ഡ് റെഗുലര്‍ ഇന്റര്‍സ്‌പേസ്ഡ് ഷോര്‍ട്ട് പലിന്‍ഡ്രമിക് റിപ്പീറ്റുകള്‍(സിആര്‍എസ്പിആര്‍) ഫെലൂഡ ടെസ്റ്റിന് കഴിഞ്ഞയാഴ്ച ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു. കൊറോണ വൈറസ് കണ്ടെത്താനായി 96 ശതമാനം സംവേദനക്ഷമതയും 98 ശതമാനം പ്രത്യേകതയുമുള്ള ഉയര്‍ന്ന നിലവാരമുള്ളവയാണിതെന്നു സിഎസ്‌ഐആര്‍ഐജിഐബിയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞനും ടെസ്റ്റ് വികസിപ്പിച്ച ടീമിന്റെ ഭാഗവുമായ ദെബോജ്യോതി ചക്രബര്‍ത്തി പറഞ്ഞു.
ഏതൊരു രോഗനിര്‍ണയത്തിലും, രോഗമുള്ള വ്യക്തികളെ ശരിയായി തിരിച്ചറിയാനുള്ള പരിശോധനയുടെ കഴിവായാണ് സംവേദനക്ഷമത നിര്‍വചിക്കപ്പെടുന്ന്. അതേസമയം രോഗമില്ലാത്തവരെ കൃത്യമായി തിരിച്ചറിയാനും ഇതുവഴി കഴിയുന്നുണ്ട്. ഗര്‍ഭാവസ്ഥയിലുള്ള സ്ട്രിപ്പ് പരിശോധനയ്ക്ക് സമാനമായി, വൈറസ് കണ്ടെത്തിയാല്‍ ഫെലൂഡ നിറം മാറുന്നു. ഇത് കണ്ടെത്താന്‍ വിലയേറിയ മെഷീനുകള്‍ ആവശ്യമില്ല. ലോകത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൊവിഡ് കേസുകളില്‍ 60.74 ലക്ഷം കേസുകളുള്ള ഇന്ത്യയില്‍ ഈ പരിശോധന സാമ്പത്തികമായി ഏറെ സഹായകമാവുമെന്നും ഗവേഷകര്‍ പ്രസ്താവനയില്‍ പറഞ്ഞു. കൊറോണ വൈറസിന്റെ ജനിതക വസ്തുക്കളുടെ കുറഞ്ഞ അളവ് പോലും കണ്ടെത്താന്‍ ഫെലൂഡയ്ക്ക് കഴിവുണ്ടെന്നു സിഎസ്‌ഐആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഉപാസന റേ പറഞ്ഞു. 30 മിനിറ്റിനുള്ളില്‍ ഫലമറിയുന്ന ദ്രുത ആന്റിജന്‍ ടെസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഫെലൂഡ ടെസ്റ്റ് 45 മിനിറ്റ് വരെ സമയമെടുക്കുമെങ്കിലും കൂടുതല്‍ കൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. ദ്രുത ആന്റിജന്‍ പരിശോധനയില്‍ വൈറല്‍ പ്രോട്ടീനുകളെയോ അതിന്റെ ഭാഗങ്ങളെയോ കണ്ടുപിടിക്കുമ്പോള്‍ സിആര്‍എസ്പിആര്‍ ന്യൂക്ലിക് ആസിഡുകള്‍ അല്ലെങ്കില്‍ കൊവിഡ് 19 ന്റെ ആര്‍എന്‍എയാണ് കണ്ടെത്തുന്നതെന്നും റേ പറഞ്ഞു. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സുപ്രധാന നേട്ടമായാണ് ഫെലൂഡയെ അടയാളപ്പെടുത്തുന്നത്.
For COVID-19, India's 'Feluda' Better Than Rapid Antigen Test: Scientists