നെറ്റ് പരീക്ഷയ്ക്കിടെ ബലം പ്രയോഗിച്ച് ഹിജാബ് അഴിപ്പിച്ചു; പരാതിയുമായി മലയാളി വിദ്യാര്‍ഥിനി
എല്ലാവരുടെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണമെന്ന് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പരീക്ഷ സെന്ററുകളും അത് പാലിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്ന് ദേശീയ ടെസ്റ്റിംങ് ഏജന്‍സി (എന്‍ടിഐ) അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നെറ്റ് പരീക്ഷയ്ക്കിടെ ബലം പ്രയോഗിച്ച് ഹിജാബ് അഴിപ്പിച്ചതായ പരാതിയുമായി മലയാളി വിദ്യാര്‍ഥിനി. ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടുള്ള മാനസിക പീഡനം മൂലം പരീക്ഷ ശരിയായ രീതിയില്‍ എഴുതാന്‍ സാധിച്ചില്ലായെന്ന് വിദ്യാര്‍ഥി പറയുന്നു.
കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശിനിയും ഡല്‍ഹി ജാമിയ മില്ലിയ്യ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ എംഎ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാര്‍ഥിനിയുമായ പി പി സാലിഹയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
പരീക്ഷക്ക് മുമ്പുള്ള ബയോമെട്രിക്ക് ടെസ്റ്റ് സമയത്ത് അധികൃതര്‍ ബലം പ്രയോഗിച്ച് തന്റെ ഹിജാബ് അഴിപ്പിക്കുകയായിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത തന്നോട് ബയോമെട്രിക്ക് പരീക്ഷയുടെ നിയമമാണ് ഇതെന്ന് മറുപടി നല്‍കിയതായും വിദ്യാര്‍ഥി പറയുന്നു.
ബലം പ്രയോഗിച്ച് ഹിജാബ് അഴിച്ചതോടെ താന്‍ കരഞ്ഞതായും പരീക്ഷക്ക് ശേഷം ഐടി സെന്റര്‍ ചാര്‍ജുള്ള ബന്ധപ്പെട്ടവരോട് കാര്യം അവതരിപ്പിക്കുകയും അവര്‍ മാപ്പ് പറഞ്ഞതായും വിദ്യാര്‍ഥിനി പറഞ്ഞു. പരീക്ഷാ സമയത്ത് താന്‍ അനുഭവിച്ച മാനസിക പീഡനത്തിന് എന്ത് പരിഹാരമുണ്ടെന്ന ചോദ്യത്തിന് ഇത്തരത്തില്‍ ഒരു അനുഭവം ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല എന്ന് മാത്രമാണ് അധികൃതര്‍ നല്‍കിയതെന്ന് വിദ്യാര്‍ഥിനി പറയുന്നു.
വിദ്യാര്‍ഥിനിയുടെ പരാതി ലഭിച്ചാല്‍ നടപടിയെടുക്കാമെന്ന് നെറ്റ് പരീക്ഷ സംഘടിപ്പിക്കുന്ന ദേശീയ ടെസ്റ്റിംങ് ഏജന്‍സി (എന്‍ടിഐ) ഉറപ്പുനല്‍കി. എല്ലാവരുടെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണമെന്ന് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പരീക്ഷ സെന്ററുകളും അത് പാലിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്ന് ദേശീയ ടെസ്റ്റിംങ് ഏജന്‍സി (എന്‍ടിഐ) അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.