അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം പിടിച്ചടക്കിയ ദിനത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി

പ്രതിരോധമന്ത്രാലയത്തിലേക്കു പോകാന്‍ കാറിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍, കാര്‍ വന്നില്ല. പകരം, സുരക്ഷാ ഉപദേഷ്ടാവ് പേടിച്ചരണ്ടിരിക്കുന്ന കൊട്ടാര സുരക്ഷാ തലവനുമായി തിരിച്ചുവന്നു. ഇപ്പോള്‍ താലിബാനെതിരേ പ്രതിരോധം തീര്‍ത്താല്‍ എല്ലാവരും കൊല്ലപ്പെടുമെന്ന് രണ്ടുപേരും പറഞ്ഞു

Update: 2021-12-31 15:31 GMT

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം പിടിച്ചടക്കിയ ദിനത്തിലെ അനുഭവത്തെക്കുറിച്ച് സ്ഥാന ഭ്രഷ്ടനായ പ്രസിഡന്റ് അഷ്‌റഫ് ഗനി ഓര്‍മ്മകള്‍ പങ്കുവച്ചു. സായുധരായ താലിബാന്‍ സൈന്യം രാജ്യതലസ്ഥാനമായ കാബൂളിലേക്ക് എത്തിയതും വിമാനമാര്‍ഗം രാജ്യം വിട്ടതുമെല്ലാമാണ് ഗനി ബിബിസി റേഡിയോ 4 ന്റെ പ്രത്യേക പരിപാടിയില്‍ പങ്കുവച്ചത്. ആഗസ്റ്റ് 15ന് ഉറക്കമുണരുമ്പോള്‍ അത് അഫ്ഗാനിലെ തന്റെ അവസാനദിവസമാകുമെന്ന് കരുതിയില്ലെന്ന് ഗനി പറയുന്നു. താലിബാന്‍ എത്തിയതോടെ തന്നെയും കൊണ്ട് വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നപ്പോഴാണ് സംഭവത്തിന്റെ ഗൗരവം ബോധ്യംവരുന്നത്.


ആ ദിവസം കാബൂളില്‍ പ്രവേശിക്കില്ലെന്നായിരുന്നു തുടക്കത്തില്‍ താലിബാന്‍ വ്യക്തമാക്കിയത്. എന്നാല്‍, രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതായിരുന്നില്ല സ്ഥിതി. ''രണ്ട് താലിബാന്‍ ദളങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്നായി കാബൂളിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഒരു വലിയ ഏറ്റുമുട്ടലിനുള്ള സാഹചര്യമാണ് ഒരുങ്ങിയത്. ഇത് 50 ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ തകര്‍ത്തുകളയും. ജനങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്ന നാശനഷ്ടങ്ങളും ഭീമമാകും. ഇതോടെയാണ് ഭാര്യയടക്കം പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലുണ്ടായിരുന്ന അടുത്ത ആളുകള്‍ക്കെല്ലാം രാജ്യം വിടാന്‍ അനുമതി നല്‍കിയത്. മനസ്സില്ലാ മനസ്സോടെയായിരുന്നു ഇത്.''ഗനി ഓര്‍ത്തെടുത്തു. പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്ഥലം വിട്ടു. പ്രതിരോധമന്ത്രാലയത്തിലേക്കു പോകാന്‍ കാറിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍.


എന്നാല്‍, കാര്‍ വന്നില്ല. പകരം, സുരക്ഷാ ഉപദേഷ്ടാവ് പേടിച്ചരണ്ടിരിക്കുന്ന കൊട്ടാര സുരക്ഷാ തലവനുമായി തിരിച്ചുവന്നു. ഇപ്പോള്‍ താലിബാനെതിരേ പ്രതിരോധം തീര്‍ത്താല്‍ എല്ലാവരും കൊല്ലപ്പെടുമെന്ന് രണ്ടുപേരും പറഞ്ഞു. ഖോസ്തിലേക്കു പുറപ്പെടാന്‍ തയാറായിരിക്കാനാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍, ഖോസ്തും ജലാലാബാദുമെല്ലാം എപ്പോഴോ താലിബാന്‍ കയ്യടക്കി കഴിഞഅഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി ഗനി പറയുന്നു. എവിടെ പോകണമെന്ന് അറിയില്ലായിരുന്നു. ഒടുവില്‍ വിമാനം പറന്നുയര്‍ന്നപ്പോഴാണ് രാജ്യം വിടുകയാണെന്ന് അറിഞ്ഞത്. എല്ലാം വളരെ പെട്ടെന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗനി രാജ്യംവിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. അഫ്ഗാന്‍ വൈസ് പ്രസിഡന്റായിരുന്ന അംറുല്ല സാലിഹടക്കം അദ്ദേഹത്തിന്റെ നടപടിക്കെതിരേ രംഗത്ത് വരികയും ചെയ്തു.


അപമാനകരമാണ് ഗനി ചെയ്തതെന്നായിരുന്നു സാലിഹ് പ്രതികരിച്ചത്. ആഗസ്റ്റ് ആദ്യവാരം തൊട്ട് താലിബാന്‍ വിവിധ നഗരങ്ങള്‍ പിടിച്ചടക്കിത്തുടങ്ങിയിരുന്നെങ്കിലും ഗനിയുടെ അപ്രതീക്ഷിത നീക്കമാണ് താലിബാന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയതെന്നും അനായാസം രാജ്യം കീഴടക്കാന്‍ സൗകര്യമൊരുക്കിയതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. രാജ്യം വിട്ട അഷ്‌റഫ് ഗനി അയല്‍ രാജ്യമായ ഉസ്‌ബെക്കിസ്ഥാനിലേക്കാണ് അന്ന് രക്ഷപ്പെട്ടത്.

Tags:    

Similar News