രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പൊട്ടി; ജര്‍മനിയില്‍ നാലു പേര്‍ക്ക് പരിക്ക്
മ്യൂനിക്കിലെ തിരക്കേറിയ ട്രയിന്‍ സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു എസ്‌കവേറ്റര്‍ മറിഞ്ഞു.
മ്യൂനിക്: രണ്ടാം ലോക മഹായുദ്ധ കാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടി ജര്‍മനിയില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മ്യൂനിക്കിലെ തിരക്കേറിയ ട്രയിന്‍ സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു എസ്‌കവേറ്റര്‍ മറിഞ്ഞു.
തുരങ്ക നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. 250 കിലോഗ്രാം ഭാരമുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന് പിന്നാലെ ട്രയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു.
രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിട്ട് എഴുപതു വര്‍ഷം കഴിഞ്ഞിട്ടും ജര്‍മനിയില്‍ അക്കാലത്തെ ബോംബുകള്‍ കണ്ടെത്തുന്നത് പതിവാണ്. ഓരോ വര്‍ഷവും രണ്ടായിരം ടണ്‍ സജീവ ബോംബുകളെങ്കിലും കണ്ടെത്താറുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധകാലത്ത് 15 ലക്ഷം ടണ്‍ ബോംബുകളാണ് രാജ്യത്ത് ബ്രിട്ടീഷ് -അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വര്‍ഷിച്ചത്. ആറു ലക്ഷം പേരാണ് സ്‌ഫോടനങ്ങളില്‍ മരിച്ചുവീണത്. 15 ശതമാനം ബോംബുകള്‍ പൊട്ടിയില്ലെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ ചിലത് ഇരുപത് അടി താഴ്ചയിലാണുള്ളത്.