ഫാ. സ്റ്റാന്‍ സ്വാമി: കരിനിയമങ്ങളുടെ ഒടുവിലത്തെ രക്തസാക്ഷി
ജീവന് വേണ്ടി ഭരണകൂടത്തോട് കേണപേക്ഷിച്ച നിരപരാധിയും മനുഷ്യ സ്‌നേഹിയുമായ വയോധികനെ ഹിന്ദുത്വ ഭരണകൂടം ക്രൂരമായി കൊലചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കോഴിക്കോട്: 'എട്ട് മാസങ്ങള്‍ക്ക് മുമ്പ് ജയിലെത്തുമ്പോള്‍ തന്റെ ശരീരം സാധാരണ നിലയിലായിരുന്നു. എന്നാല്‍ ഇന്ന് തനിക്ക് നടക്കാനോ സ്വന്തമായി കുളിക്കാനോ ഭക്ഷണം കഴിക്കാനോ ആവുന്നില്ല. തന്റെ രണ്ട് ചെവിയുടെയും കേള്‍വി ഏതാണ്ട് നഷ്ടമായ സ്ഥിതിയിലാണ്. ജയിലിലെ ചികിത്സയെക്കാള്‍ ഭേദം മരണമാണ്. താന്‍ പ്രവര്‍ത്തിച്ച റാഞ്ചിയില്‍ തന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ തനിക്ക് മരിക്കണം. തനിക്ക് ജാമ്യം തരൂ...' എന്നായിരുന്നു ജാമ്യ ഹരജിയിലെ സ്റ്റാന്‍ സ്വാമിയുടെ ആവശ്യം. പാര്‍ക്കിന്‍സണ്‍സ്, ഹെര്‍ണിയ, മറ്റു വാര്‍ധക്യ സഹജമായ അസുഖങ്ങളും മൂലം വളരെയധികം പ്രയാസപ്പെടുന്ന വേളയിലായിരുന്നു അദ്ദേഹത്തിന്റെ ഈ ജാമ്യ ഹരജി.
തന്റെ ജീവിതത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ അപേക്ഷ ബധിര കര്‍ണങ്ങളിലാണ് പതിച്ചത്. ജീവന് വേണ്ടി ഭരണകൂടത്തോട് കേണപേക്ഷിച്ച നിരപരാധിയും മനുഷ്യ സ്‌നേഹിയുമായ വയോധികനെ ഹിന്ദുത്വ ഭരണകൂടം ക്രൂരമായി കൊലചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ആരാണ് സ്റ്റാന്‍ സ്വാമി? അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല ഏതാണ്?
തമിഴ്‌നാട്ടില്‍ ജനിച്ച് ഫിലിപ്പൈന്‍സില്‍ നിന്നും ദൈവശാസ്ത്രം പഠിക്കുകയും വിമോചന ദൈവശാസ്ത്രത്തില്‍ ആകൃഷ്ടനായി അടിച്ചമര്‍ത്തപ്പെട്ട സാമൂഹ്യവിഭാഗങ്ങളുടെ പോരാട്ടങ്ങളോടൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോവുകയും ചെയ്ത സ്റ്റാന്‍സ്വാമി തന്റെ കര്‍മമണ്ഡലമായി തെരഞ്ഞെടുത്തത് ഝാര്‍ഖണ്ഡിലെ ആദിവാസി മേഖലയായിരുന്നു. ഭൂമി, വനം, തൊഴില്‍ അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആദിവാസി വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
പ്രകൃതിവിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ ഇന്ത്യയിലെ ആദിവാസി മേഖലകളിലേക്ക് ബഹുരാഷ്ട്ര കുത്തകകളും അവര്‍ക്കനുകൂലമായി നിന്ന ഇന്ത്യന്‍ ഭരണകൂടവും വിവിധങ്ങളായ പദ്ധതികളുമായെത്തിയപ്പോള്‍, തലമുറകളായി ജീവിച്ചുപോന്ന ആവാസ വ്യവസ്ഥകളില്‍ നിന്നും പുറത്താക്കപ്പെട്ട ആദിവാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ട് സാമൂഹ്യരംഗത്ത് നിലയുറപ്പിച്ചയാളാണ് ഫാ. സറ്റാന്‍ സ്വാമി.
ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമം, വികസനം എന്നിവയ്ക്കായി അവര്‍ ഉള്‍പ്പെടുന്ന ഗോത്ര ഉപദേശക സമിതി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അഞ്ചാം പട്ടിക നടപ്പാക്കാത്തതിനെ ചോദ്യം ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. 1996ല്‍ യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ ജാര്‍ഖണ്ഡിലെ ആദിവാസികള്‍ നടത്തിയ സമത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധയാകര്‍ഷിക്കുന്നത്. കുടിയൊഴിപ്പിക്കലിനെതിരായി നടന്ന ഈ പ്രക്ഷോഭത്തിലൂടെ നൂറുകണക്കിന് ആദിവാസികളുടെ ആവാസഭൂമിയാണ് അന്ന് സംരക്ഷിക്കപ്പെട്ടത്. ചൈബാസ് ഡാമിന്റെ നിര്‍മാണം തടയുന്നതിന് വേണ്ടിയും ആദിവാസികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയുമടക്കം നടന്ന അനേകം സമരങ്ങളില്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു.
മാവോവാദി മുദ്രചാര്‍ത്തി ആയിരക്കണക്കിന് ആദിവാസി യുവാക്കളെ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുന്നതിനെ നഖശിഖാന്തം എതിര്‍ത്ത വ്യക്തിയായിരുന്നു സ്റ്റാന്‍സ്വാമി.
ഇത്തരത്തിലുള്ള വിചാരണത്തടവുകാരെ വ്യക്തിഗത ബോണ്ടിനുമേല്‍ മോചിപ്പിക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് സ്വാമി ജാര്‍ഖണ്ഡ് സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നു. വിചാരണ പ്രക്രിയയിലെ കാലതാമസത്തിനുള്ള കാരണങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ലാന്റ് ബാങ്കുകള്‍ സ്ഥാപിക്കാനുള്ള ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനത്തിനെതിരേയും സ്വാമി നിലകൊണ്ടിരുന്നു. ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ലാന്‍ഡ് ബാങ്കുകള്‍ സ്ഥാപിക്കാനുള്ള നീക്കം ആദിവാസി വിഭാഗങ്ങളെ തങ്ങളുടെ ഭൂമിയില്‍നിന്ന് പുറന്തള്ളുമെന്ന് അദ്ദേഹം വാദിച്ചു.
ഒരു വൈദികന്‍ 84 ാമത്തെ വയസ്സില്‍ ഈവിധം ക്രൂരമായി തടവിലാക്കപ്പെട്ടതിന്റെ കാരണം അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളാണ്. രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ ഇരട്ടത്താപ്പിനെതിരെ മര്‍ദിത ജനതയോടൊപ്പം നിന്ന് പോരാടിയതിന്റെ പേരിലാണ്.
വാര്‍ധക്യത്തിന്റെ അവശതകളില്‍ പാര്‍ക്കിന്‍സസ് രോഗമടക്കം മൂര്‍ച്ഛിച്ച് സ്വന്തമായി ഭക്ഷണം പോലും കഴിക്കാന്‍ പ്രാപ്തനല്ലാതായ സാധുവായ ഒരു വൃദ്ധനെ ജാമ്യവും ചികിത്സയുമെല്ലാം നിഷേധിച്ച് തടവറയിലിട്ട് കൊന്നതിലൂടെ സംഘപരിവാര്‍ ഭരണകൂടം രാജ്യത്തിന് നല്‍കുന്നത് ഒരു താക്കീതാണ്. ഇനിയുമൊരു സ്റ്റാന്‍ സ്വാമി ഇവിടെയുണ്ടാകാന്‍ പാടില്ല എന്ന ഭീഷണി.
എന്താണ് എല്‍ഗാര്‍ പരിഷത്ത്/ഭീമ കൊറേഗാവ് കേസ്?
എല്‍ഗാര്‍ പരിഷത്ത്/ഭീമ കൊറേഗാവ് കേസില്‍ എല്ലാ പ്രതികള്‍ക്കും നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ ആരോപണം.
കേസില്‍ 2018 മുതല്‍ അറസ്റ്റ് നടന്നിട്ടുണ്ട്. ഫാ. സ്റ്റാന്‍ സ്വാമിയെ കൂടാതെ, ഛത്തീസ്ഗഡിലെ ആദിവാസി വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്പൂരിലെ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ഹാനി ബാബു, സാംസ്‌കാരിക സംഘടനയായ കബീര്‍ കലാ മഞ്ചിലെ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടെ ഏഴു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഭീമ കൊറേഗാവില്‍ 1818 ല്‍ നടന്ന യുദ്ധത്തില്‍ പേഷ്വകള്‍ക്കെതിരെ വിജയം നേടിയ ബ്രിട്ടീഷ് സൈന്യത്തില്‍ പ്രധാനമായും അണിനിരന്നത് ദലിത് സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. ഈ വിജയത്തിന്റെ 200ാം വാര്‍ഷികത്തിന്റെ സ്മരണ പുതുക്കാന്‍ 2018 ജനുവരി ഒന്നിന് ആയിരക്കണക്കിന് ദലിതര്‍ പൂനെക്കു സമീപം ഒത്തുകൂടിയിരുന്നു. ഇവരെ ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.
ദൃക്‌സാക്ഷികളുടെ മൊഴിയെത്തുടര്‍ന്ന് ഹിന്ദു നേതാവ് മിലിന്ദ് ഏക്‌ബോതെ, സാംഭജി ഭിഡെ എന്നിവര്‍ക്കെതിരെ ജനുവരി രണ്ടിന് പിംപ്രി പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍, ജനുവരി എട്ടിനു പൂനെ പോലിസ് മറ്റൊരു എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. എല്‍ഗര്‍ പരിഷത്ത് എന്ന പേരില്‍ 2017 ഡിസംബര്‍ 31ന് പൂനെയിലെ ശനിവാര്‍ വാഡയില്‍ നടന്ന സംഭവത്തെ തുടര്‍ന്നാണ് അക്രമം നടന്നതെന്ന് ആരോപിക്കുന്നതായിരുന്നു ഈ എഫ്‌ഐആര്‍. ഈ പരിപാടി മാവോവാദി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സംഘടിപ്പിച്ചതെന്നും ഇതില്‍ പങ്കാളികളാണെന്നും ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു.