ഭീമാ കൊറേഗാവ് കേസ്: ആരോഗ്യനില വഷളായി; ഫാ. സ്റ്റാന്‍ സ്വാമി വെന്റിലേറ്ററില്‍

Update: 2021-07-04 14:48 GMT

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ മാവോവാദി ബന്ധം ആരോപിച്ച് എന്‍ ഐഎ അറസ്റ്റ് ചെയ്ത ക്രൈസ്തവ പുരോഹിതന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 84കാരനായ ഫാ. സ്റ്റാന്‍ സ്വാമി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ കഴിയുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. തലോജ ജയിലില്‍ കഴിഞ്ഞിരുന്ന സ്റ്റാന്‍ സ്വാമിയെ ഹോളി ഫാമിലി ആശുപത്രിയിലാണ് കഴിയുന്നത്. കോടതി ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഫാ. സ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് ഉറ്റവരെ പോലും തിരിച്ചറിയാനാവുന്നില്ലെന്നു ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

    അതിനിടെ, ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ഗുരുതരമായ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യവും ആവശ്യമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും നല്‍കണമെന്ന് മനുഷ്യാവകാശ-പൗരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ജാര്‍ഖണ്ഡ് ജനാധികര്‍ മഹാസഭ(ജെജെഎം) ആവശ്യപ്പെട്ടു. യാതൊരു വിധ അക്രമത്തിലും ഏര്‍പ്പെട്ടതായി രേഖപ്പെടുത്താത്ത ഒരു വൃദ്ധനും രോഗിയുമായ വ്യക്തിക്ക് ജാമ്യം നല്‍കുകയും സ്വാമിയെ ഉടന്‍ ജാര്‍ഖണ്ഡിലേക്ക് തിരിച്ചയക്കണമെന്നും ജെഎംഎം ആവശ്യപ്പെട്ടു. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യം മോശമായെന്നും അദ്ദേഹത്തെ ഹോളി ഫാമിലി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായും ജെജെഎം പ്രസ്താവനയില്‍ വ്യക്തമാക്കി. 'സ്വാമിയുടെ സ്ഥിതി ഗുരുതരമാണെന്ന് പറയപ്പെടുന്നു. വയോധികന്റെ കഷ്ടപ്പാടുകള്‍ക്കും നിലവിലെ അവസ്ഥയ്ക്കും എന്‍ഐഎയും കേന്ദ്ര സര്‍ക്കാരും മാത്രമാണ് ഉത്തരവാദികള്‍. മെഡിക്കല്‍ കാരണങ്ങളാലും ജാമ്യം നിഷേധിച്ചും എന്‍ഐഎ കോടതിക്കും അതില്‍ പങ്കുണ്ട്. സ്റ്റാന്‍ സ്വാമിയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് യാതൊരു ഉറപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ജെജെഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

    തലോജ ജയിലില്‍ കഴിഞ്ഞിരുന്ന ഫാ. സ്റ്റാന്‍ സ്വാമി മെയ് ആദ്യം മുതല്‍ പനി, ചുമ, കടുത്ത ക്ഷീണം, വയറുവേദന തുടങ്ങിയ അസുഖങ്ങളെ തുടര്‍ന്ന് അവശനായിരുന്നു. കേസില്‍ സ്വാമിക്കെതിരേ ഒരു തെളിവുമില്ലെന്നു ഇപ്പോള്‍ ജീവനുവേണ്ടി പോരാടുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

     അലോസരപ്പെടുത്തുന്ന വാര്‍ത്തയാണിതെന്നും ഫാ. സ്റ്റാന്‍ സ്വാമിക്കെതിരേ നടക്കുന്നത് കസ്റ്റഡി പീഡനം മാത്രമല്ലെന്നും കൊലപാതക ശ്രമം എന്ന് വിളിക്കപ്പെടണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ ട്വീറ്റ് ചെയ്തു. നമ്മുടെ നീതിന്യായ സംവിധാനം അന്ധരും ബധിരരുമാണ്. ക്ഷമിക്കണം, ഞങ്ങള്‍ ഒരു അന്യായമായ സംവിധാനമായി, പരാജയപ്പെട്ട ജനാധിപത്യമായി മാറുകയാണ്. ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Bhima Koregaon case: Fr. Stan Swamy is on ventilator


Tags:    

Similar News