ഭീമാ കൊറേഗാവ് കേസ്: വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരക്കും ജാമ്യം

Update: 2023-07-28 09:54 GMT

ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് യുഎപിഎ പ്രകാരം ജയിലിലടയ്ക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരക്കും സുപ്രിംകോടതി ജാമ്യം നല്‍കി. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ അനുവാദമില്ലാതെ മഹാരാഷ്ട്ര വിട്ടുപോവരുത്, പാസ്‌പോര്‍ട്ട് എന്‍ഐഎയ്ക്ക് കൈമാറണം, ഒരു മൊബൈല്‍ കണക്ഷന്‍ മാത്രമേ ഉപയോഗിക്കാവൂ, മൊബൈല്‍ ലൊക്കേഷന്‍ എന്‍ഐഎയ്ക്ക് എപ്പോഴും പരിശോധിക്കാന്‍ സാധിക്കണം, ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 2021ല്‍ ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. 2018ല്‍ ഭീമാ കൊറേഗാവില്‍ നടന്ന അക്രമങ്ങളില്‍ പങ്കുണ്ടെന്നും നിരോധിത മാവോവാദി സംഘടനകളുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരേ യുഎപിഎ ചുമത്തിയത്. തുടര്‍ന്ന് ഇവര്‍ 2018 മുതല്‍ ജയിലില്‍ കഴിയുകയാണ്. ഇവരോടൊപ്പം തന്നെ 16 മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും അഞ്ച് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്ന കാര്യം പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്. ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം ഗൗരവതരമാണെന്നത് ഇത്രയേറെ കാലം ജാമ്യം നല്‍കാതെ തടവിലിടാനുള്ള കാരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

    2018 ല്‍ ഭീമാ കൊറെഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോനയുണ്ടെന്ന് ആരോപിച്ചാണ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരായ 16ഓളം പേരെ മഹാരാഷ്ട്ര പോലിസ് ജയിലിലടച്ചത്. ഭീമാ കൊറേഗാവ് സമ്മേളനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്നും മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. സുധീര്‍ ധാവ്‌ല, ഷോമ സെന്‍, റോണ വില്‍സണ്‍, സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വരവര റാവു, പ്രഫ. സായിബാബ, ഫാ. സ്റ്റാന്‍ സാമി, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിങ് തുടങ്ങിയ 16 ഓളം പേര്‍ക്കെതിരേയാണ് യുഎപിഎ ചുമത്തി കേസെടുത്തത്. ഇതില്‍ ഫാ. സ്റ്റാന്‍ സാമി തടവറയില്‍ വച്ച് മരണപ്പെട്ടിരുന്നു.

Tags:    

Similar News