ഭീമാ കൊറേഗാവ് കേസ്: ആനന്ദ് തെല്‍തുംബ്‌ദെയ്ക്ക് ജാമ്യം; എതിര്‍പ്പുമായി എന്‍ഐഎ, മോചനം വൈകും
മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും ഐഐടി മുന്‍ പ്രഫസറും ചിന്തകനുമായ ആനന്ദ് തെല്‍തുംബ്‌ദെയ്ക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍, എന്‍ഐഎയുടെ അഭ്യര്‍ഥന പ്രകാരം ജാമ്യ ഉത്തരവ് ഏഴ് ദിവസത്തേക്ക് ഹൈക്കോടതി മരവിപ്പിച്ചു. ജാമ്യത്തിനെതിരേ സുപ്രിംകോടതിയെ സമീപിക്കണമെന്ന എന്‍ഐഎയുടെ അഭ്യര്‍ഥന മാനിച്ചാണ് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തത്. ഈ സാഹചര്യത്തില്‍ സുപ്രിംകോടതിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമേ ആനന്ദ് തെല്‍തുംബ്‌ദെയ്ക്ക് പുറത്തിറങ്ങാനാവുമോ ഇല്ലയോ എന്ന് അറിയാനാവൂ.
കേസില്‍ എന്‍ഐഎ ഉടന്‍ സുപ്രിംകോടതിയെ അപ്പീലുമായി സമീപിക്കും. ജാമ്യം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ മോചനം വൈകുമെന്ന കാര്യം ഉറപ്പായി. ജാമ്യത്തുകയായി ഒരുലക്ഷം രൂപ കെട്ടിവയ്ക്കാനും രണ്ട് ആള്‍ജാമ്യം ഉറപ്പാക്കാനും തെല്‍തുംബ്‌ദെയോട് ജസ്റ്റിസ് എ എസ് ഗഡ്കരി, ജസ്റ്റിസ് എം എന്‍ ജാദവ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തു, ഗൂഢാലോചനയില്‍ ഭാഗമായി എന്നീ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വ്യക്തമാക്കി. നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ ആനന്ദ് തെല്‍തുംബ്‌ദെയ്‌ക്കെതിരേ നിലനില്‍ക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
2020 ഏപ്രിലിലാണ് സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയോടൊപ്പം പ്രഫ.ആനന്ദ് തെല്‍തുംബ്‌ദെയും അറസ്റ്റിലായത്. രണ്ടുവര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞപ്പോഴാണ് ജാമ്യം ലഭിക്കുന്നത്. 2018 ജനുവരി ഒന്നിന് ഭീമാ കൊറേഗാവില്‍ നടന്ന ദലിത് സംഘടനകളുടെ പ്രതിഷേധത്തിന് 'കലാപ'സ്വഭാവം കൈവന്നത് തലേദിവസം എല്‍ഗാര്‍ പരിഷത്തില്‍ നടന്ന വാര്‍ത്താസമ്മേളനം മൂലമാണെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. എല്‍ഗാര്‍ പരിഷദ് സമ്മേളനത്തിന്റെ സംഘാടകനായ തെല്‍തുംബ്‌ദെയ്‌ക്കെതിരേ ഭീകരവാദക്കുറ്റം എന്‍ഐഎ ചുമത്തിയിരുന്നു.
എന്നാല്‍, ഭീകരകൃത്യങ്ങളില്‍ പങ്കെടുക്കല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും നിരോധിത സംഘടനകളോടുള്ള ആഭിമുഖ്യം മാത്രമാണ് അന്വേഷണ സംഘത്തിന് തെളിയിക്കാന്‍ സാധിച്ചതെന്നും കോടതി പ്രസ്താവിച്ചു. ഐഐഎം അഹമ്മദാബാദിലെ മുന്‍ പ്രഫസറായ തെല്‍തുംബ്‌ദെ, സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകനാണെന്നും രാജ്യത്തെ ജനാധിപത്യസംവിധാനങ്ങളെ അട്ടിമറിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധയിട്ടെന്നും അധികൃതര്‍ ആരോപിച്ചിരുന്നു.
കേസിലെ സഹപ്രതിയായ റോണ വില്‍സന്റെ ലാപ്പ്‌ടോപ്പില്‍ നിന്ന് ലഭിച്ച ആക്രമത്തിന് പ്രേരിപ്പിക്കുന്ന വിധമുള്ള കത്തുകളും രേഖകളും എന്‍ഐഎ ഭീമാ കൊറെഗാവ് കേസില്‍ വാദത്തിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍, അംബേദ്കറൈറ്റ് ചിന്തകനായ താന്‍ മാവോവാദി ആശയങ്ങള്‍ക്കെതിരേ പോരാടുന്ന വ്യക്തിയാണെന്നും വില്‍സന്റെ ലാപ്പ്‌ടോപ്പ് ഹാക്ക് ചെയ്ത് രേഖകള്‍ വ്യാജമായി ഉള്‍പ്പെടുത്തിയതാണെന്ന് രാജ്യാന്തര ഫോറന്‍സിക് ഏജന്‍സി തെളിയിച്ചെന്നും തെല്‍തുംബ്‌ദെ വാദിച്ചിരുന്നു. തെല്‍ദുംബ്‌ദെയുടെ സഹപ്രതികളായ പ്രഫസര്‍ വരവര റാവു, സുധാ ഭരദ്വാജ് എന്നിവര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ഫാദര്‍ സ്റ്റാന്‍ സ്വാമി കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ അഞ്ചിന് മരണപ്പെട്ടിരുന്നു.