കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്; പരാതിക്കാരനില്‍നിന്ന് വീണ്ടും മൊഴിയെടുക്കും
ആറന്മുള: ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യേഗസ്ഥന്‍ വീണ്ടും പരാതിക്കാരനില്‍ നിന്ന് മൊഴിയെടുക്കും. കഴിഞ്ഞ ദിവസം പരാതിക്കാരന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. വിശദമായ മൊഴിയെടുത്ത് അന്വേഷണം നടത്താനാണ് പോലിസ് തീരുമാനം. വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ പോലിസ് ശേഖരിക്കുന്നുണ്ട്. പരാതിക്കാരന്റെയും കേസിലെ ഒന്നാം പ്രതിയും കുമ്മനത്തിന്റെ മുന്‍ പിഎയുമായ പ്രവീണ്‍ വി പിള്ള, ന്യൂ ഭാരത് ടെക്‌നോളജി ഉടമ വിജയന്‍ എന്നിവരുടെയും ബാങ്ക് രേഖകളും മറ്റും പരിശോധിക്കും.
അതേസമയം, കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നവരെ പോലിസ് ഇതുവരെ നേരിട്ട് ബന്ധപ്പെട്ടില്ലെന്നാണു സൂചന. കുമ്മനത്തിനെതിരായ കേസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതോടെ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും പണം പൂര്‍ണമായും തിരിച്ചുകിട്ടാതെ പിന്‍മാറില്ലെന്നാണ് പരാതിക്കാരന്റെ നിലപാട്. പരാതിക്കാരനു പണം നല്‍കി കേസൊതുക്കാന്‍ കുമ്മനം തന്റെ അടുപ്പക്കാരെ നിയോഗിച്ചിരുന്നു.