സൗജന്യ റേഷന്‍: ആദ്യദിനം വിതരണം ചെയ്തത് 14.5 ലക്ഷം പേര്‍ക്കെന്ന് മുഖ്യമന്ത്രി
സൗജന്യ റേഷൻ അരി വിതരണം ചെയ്‌യുന്നതിൽ കുറവ് വന്നാൽ അതിന് കാരണക്കാരായവർക്കെതിരെ കർശന നടപടി
തിരുവനന്തപുരം: സൗജന്യ റേഷൻ വിതരണത്തിന്റെ ആദ്യദിനത്തിൽ റേഷൻ വിതരണം മെച്ചപ്പെട്ട നിലയിലാണ് നടന്നതെന്ന് മുഖ്യമന്ത്രി. കൊറോണയുടെ പശ്ചാത്തലത്തിൽ നടത്തുന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ചില കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വരുന്ന ആളുകൾക്ക് ഇരിക്കാൻ കസേരയും കുടിക്കാൻ വെള്ളവും നൽകുന്ന അനുഭവമുണ്ടായി. പൊതുവെ ആരോഗ്യപ്രവർത്തകരും പൊതുപ്രവർത്തകരും റേഷൻ വിതരണത്തിൽ ക്രിയാത്മക ഇടപെടലാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
14.5 ലക്ഷം ആളുകൾക്കാണ് ആദ്യദിനം റേഷൻ വിതരണം ചെയ്തത്. 21,472മെട്രിക് ടൺ അരി വിതരണം ചെയ്തു. ഏപ്രിൽ 20 വരെ സൗജന്യ റേഷൻ വിതരണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചിലയിടങ്ങളിൽനിന്ന് അരിയുടെ അളവിൽ കുറവുണ്ടെന്ന ഒറ്റപ്പെട്ട പരാതികൾ ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ റേഷൻ കടയുടമകൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ റേഷൻ അരി വിതരണം ചെയ്‌യുന്നതിൽ കുറവ് വന്നാൽ അതിന് കാരണക്കാരായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൻഡോസൾഫാൻ ദുരന്തബാധിതർക്കുള്ള സൗജന്യ അരി അവരുടെ വീടുകളിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.