എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സൗജന്യ സ്‌നാക്‌സ് ബോക്‌സ് വിതരണം നിര്‍ത്തലാക്കി
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന സൗജന്യ സ്‌നാക്‌സ് ബോക്‌സ് വിതരണം നിര്‍ത്തലാക്കി. ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും വിമാനത്തിനുള്ളില്‍ വച്ചും ഭക്ഷണത്തിന് ബുക്ക് ചെയ്യാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിന് പ്രത്യേകം തുക നല്‍കണം. കാലങ്ങളായി ബജറ്റ് എയര്‍ ലൈന്‍സ് എന്ന സങ്കല്‍പ്പത്തിലാണ് യാത്രക്കാര്‍ക്ക് സൗജന്യ സ്‌നാക്‌സ് ബോക്‌സ് നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ തീരുമാനം വിമാനയാത്രക്കാര്‍ക്ക് തിരിച്ചടിയാവും. പ്രത്യേകിച്ച് വിമാനത്താവളങ്ങളില്‍ ഭക്ഷണത്തിന് വില കൂടുതലാണ്. നേരത്തേ, ക്രൂ അംഗങ്ങള്‍ക്കുള്ള ഹോട്ടലിലെ പ്രത്യേക മുറി താമസവും നിര്‍ത്തലാക്കിയിരുന്നു. രണ്ട് പേര്‍ക്ക് ഒരു മുറിയെടുക്കണമെന്നായിരുന്നു നിര്‍ദേശം. ഡല്‍ഹി ലേബര്‍ കോടതി തീരുമാനം സ്‌റ്റേ ചെയ്തിരുന്നു. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിനു ശേഷമാണ് വരുമാനം വര്‍ധിപ്പിക്കുയെന്ന ലക്ഷ്യത്തോടെ പുതിയ തീരുമാനങ്ങളെടുക്കുന്നത്.
ഇതിനുപുറമെ, ക്രെഡിറ്റ് കാര്‍ഡ് വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് കൈയില്‍ കരുതണമെന്നു എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. കാര്‍ഡ് ഇല്ലെങ്കില്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കരുതണം. മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റ് എടത്തതെങ്കില്‍ ആ വ്യക്തിയുടെ അനുമതിപത്രം കൈവശം കരുതണം. ഒപ്പം കാര്‍ഡിന്റെ പകര്‍പ്പും കൈവശം സൂക്ഷിക്കണം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥ വീണ്ടും കര്‍ശനമാക്കുന്നതെന്നാണ് എയര്‍ഇന്ത്യയുടെ വിശദീകരണം.