മാനന്തവാടി-മൈസൂര്‍ പാതയില്‍ ചരക്കു ഗതാഗതം സാധാരണ നിലയിലേക്ക്
പി സി അബ്ദുല്ല
മാനന്തവാടി: കര്‍ണാടകത്തെയും കേരളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ മാനന്തവാടി-മൈസൂര്‍ റോഡില്‍ ചരക്കുഗതാഗതം സാധാരണ നിലയിലേക്ക്. ഇന്നുച്ചയോടെ ഇതുവഴി കേരളത്തിലേക്കും തിരിച്ചും ചരക്കു വാഹനങ്ങള്‍ കടുത്ത നിയന്ത്രണങ്ങളില്ലാതെ കടത്തിവിട്ടു തുടങ്ങി. ബാവലി ചെക്ക് പോസ്റ്റില്‍ ചരക്കുവാഹനങ്ങളുടെ നീണ്ട നിരയാണ് ഇന്നു പുലര്‍ച്ചെമുതല്‍ രൂപപ്പെട്ടത്.
കര്‍ണാടക അധികൃതരുടെ പിടിവാശി മൂലം ഉച്ചവരെ ചരക്കുഗതാഗതം സുഗമമായില്ല. കൊവിഡ് പരിശോധനയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളാണ് ഉച്ചവരെ ചരക്കു വാഹനങ്ങളെ കുരുക്കിലാക്കിയത്. ഡ്രൈവര്‍മാരെ പരിശോധിക്കുന്നതിലുള്ള കാല താമസമാണ് പ്രതിസന്ധിയായത്. പുലര്‍ച്ചെ മുതല്‍ ഉച്ചവരെ നിരവധി വാഹനങ്ങള്‍ അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്നു. വയനാട് ജില്ലാ പോലിസ് ചീഫ് ആര്‍ ഇളങ്കോ ബാവലി ചെക് പോസ്റ്റിലെത്തി കര്‍ണാടക അധികൃതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഡ്രൈവര്‍മാരുടെ പരിശോധന വേഗത്തിലാക്കി. ഹോര്‍ട്ടി കോര്‍പിന്റെ പച്ചക്കറി ലോറിയടക്കം ബാവലിയില്‍ കുടുങ്ങിയിരുന്നു. മുഴുവന്‍ ഡ്രൈവര്‍മാരുടെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കിയാണ് ചരക്കുവാഹനങ്ങള്‍ കടത്തിവിടുന്നത്. കര്‍ണാടക ആരോഗ്യ വകുപ്പ് അധികൃതര്‍ ഡ്രൈവര്‍മാരെ പരിശോധന നടത്തിയ ശേഷമാണ് മൈസൂരിലേക്ക് വിടുന്നത്.
തലപ്പാടി, മാക്കൂട്ടം റോഡുകള്‍ തുറക്കാത്തതിനാല്‍ കണ്ണൂര്‍, കാസര്‍കോഡ് ഭാഗങ്ങളിലേക്കുള്ള ചരക്കു വാഹനങ്ങളാണ് കൂടുതലും മാനന്തവാടി, ബാവലി വഴി പോവുന്നത്. നിലവില്‍ വയനാട് അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന സുല്‍ത്താന്‍ ബത്തേരി ഗുണ്ടല്‍പേട്ട്, മാനന്തവാടി-ബാവലി-മൈസൂര്‍ റോഡുകള്‍ ആണ് കര്‍ണാടക ചരക്ക് ഗതാഗതത്തിനായി തുറന്നിട്ടുള്ളത്. ഇരിട്ടി-കൂട്ടുപുഴ-കൂര്‍ഗ്-മൈസൂര്‍ റോഡ് തുറക്കുന്ന കാര്യത്തിലും നിഷേധാത്മക നിലപാടാണ് കര്‍ണാടക തുടരുന്നത്.