ഇന്ധന വില കുതിച്ച് കയറുന്നു; തുടര്‍ച്ചയായ ആറാം ദിവസവും വര്‍ധന
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.15 പൈസയായി. 77.86 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില.
കൊച്ചി: ഇന്ധന വില വീണ്ടും കുതിച്ചു കയറുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.15 പൈസയായി. 77.86 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റമാണ് ഇന്ധനവിലയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോള്‍, ഡീസല്‍ വില കൂടുന്നത്.
കൊച്ചിയില്‍ പെട്രോള്‍ വിലയില്‍ 21 പൈസയും ഡീസല്‍ വിലയില്‍ 31 പൈസയും കൂടി. പെട്രോള്‍ വില ലിറ്ററിന് 82.54 രൂപയാണ്. ഡീസലിന് 74.44രൂപയാണ് വില.
പത്തുദിവസത്തിനിടെ,ഒരു ലിറ്റര്‍ പെട്രോളിന് ഒരുരൂപയിലധികമാണ് ഉയര്‍ന്നത്. ഡീസലിന് രണ്ടുരൂപയുടെ അടുത്തും വര്‍ധിച്ചിട്ടുണ്ട്.രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 45 ഡോളര്‍ കടന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 48 ഡോളര്‍ കടന്നിരിക്കുകയാണ്.കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യന്‍ എണ്ണ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്ന പ്രതിദിന വില നിര്‍ണയം നവംബര്‍ 20ന് പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.
കൊവിഡ് വാക്‌സിന്‍ ഫലപ്രദമാകുമെന്ന ശുഭസൂചന ക്രൂഡ് വിപണിയില്‍ ഉണര്‍വ് വരുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും വില വീണ്ടും വര്‍ധിക്കാനാണ് സാധ്യത.