സൗദിയിലെത്തുന്ന വിദേശികള്‍ വാക്‌സിനേഷന്‍ വിവരങ്ങള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം: ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍
വിമാനക്കമ്പനികള്‍ക്കയച്ച പ്രത്യേക സര്‍ക്കുലറിലാണ് ജിഎസിഎ ഇക്കാര്യം വ്യക്തമാക്കിയത്. https://muqeem.sa/#/vaccineregistration/home എന്ന ലിങ്ക് വഴി 'മുഖീം' പോര്‍ട്ടലിലാണ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
ജിദ്ദ: രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനെടുത്ത് സൗദിയിലെത്തുന്ന വിദേശ യാത്രക്കാര്‍ യാത്രയ്ക്ക് മുമ്പായി തങ്ങളുടെ വാക്‌സിന്‍ പൂര്‍ത്തിയാക്കിയതിന്റെ വിവരങ്ങള്‍ ഓണ്‍ലൈനായി പ്രത്യേക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) അറിയിച്ചു. വിമാനക്കമ്പനികള്‍ക്കയച്ച പ്രത്യേക സര്‍ക്കുലറിലാണ് ജിഎസിഎ ഇക്കാര്യം വ്യക്തമാക്കിയത്. https://muqeem.sa/#/vaccineregistration/home എന്ന ലിങ്ക് വഴി 'മുഖീം' പോര്‍ട്ടലിലാണ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
സൗദി ആഭ്യന്തര മന്ത്രാലയം, ജിഎസിഎ, സൗദി ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി, ആരോഗ്യമന്ത്രാലയം, എല്‍മ് കമ്പനി എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്. സൗദിയില്‍ അംഗീകരിച്ച ഫൈസര്‍ ബയോടക്, ഓക്‌സ്ഫര്‍ഡ് അസ്ട്രാസെനക (കൊവിഷീല്‍ഡ്), മൊഡേണ എന്നീ വാക്‌സിനുകളുടെ രണ്ടുഡോസുകളും ജോണ്‍സന്‍ വാക്‌സിന്റെ ഒറ്റഡോസുമെടുത്ത ശേഷം 14 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയവരാണ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതല്ലാത്ത മറ്റു വാക്‌സിനുകളെടുത്തവരുടെ രജിസ്‌ട്രേഷന്‍ സ്വീകരിക്കില്ല. ഇങ്ങനെ രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി സൗദിയിലെത്തുന്നവര്‍ക്ക് നാളെ മുതല്‍ രാജ്യത്ത് നടപ്പാക്കുന്ന ഒരാഴ്ചത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ (ഹോട്ടല്‍ വാസം) ആവശ്യമില്ല.
വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി എന്ന് സാക്ഷ്യപ്പെടുത്തുന്ന അതാത് രാജ്യത്തെ ആരോഗ്യ മന്ത്രാലയം ഇഷ്യൂ ചെയ്യുന്ന സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ പ്രത്യേകം കൈയില്‍ കരുതുകയും സൗദിയിലെത്തിയാല്‍ അധികൃതരെ കാണിക്കുകയും വേണം. യാത്രാവിലക്ക് നിലനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിലക്കില്ലാത്ത മറ്റു രാജ്യങ്ങളില്‍ 14 ദിവസങ്ങള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ സൗദിയില്‍ നേരിട്ട് പ്രവേശിക്കാനാവൂ. നാളെ മുതല്‍ രാജ്യത്തെത്തുന്ന വിദേശികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ (ഹോട്ടല്‍ വാസം) നിര്‍ബന്ധമായിരിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഇതോടനുബന്ധിച്ചാണ് പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം പ്രാബല്യത്തില്‍ വന്നത്.
എന്നാല്‍, സ്വദേശികള്‍, കൊവിഡിനെതിരായ കുത്തിവയ്‌പ്പെടുത്തവര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍, നയതന്ത്ര സ്ഥാപനത്തിന് കീഴില്‍ വിസയുള്ളവര്‍, അവരുടെ കുടുംബാംഗങ്ങള്‍, വിമാനജോലിക്കാര്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കപ്പല്‍ ജീവനക്കാര്‍, അതിര്‍ത്തികള്‍ കടന്നെത്തുന്ന ചരക്ക് വാഹനങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാര്‍, അവരുടെ സഹായികള്‍ എന്നിവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് ജിഎസിഎ വ്യക്തമാക്കി.