കൊവിഡ്: സൗദിയിലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളിലെ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
ജിദ്ദ: പൗരന്‍മാര്‍ ഉള്‍പ്പെടെ സൗദി അറേബ്യയിലേക്ക് വരുന്ന എല്ലാവരും 48 മണിക്കൂറിനുള്ളിലെടുത്ത അംഗീകൃത കൊവിഡ് നെഗറ്റീവ് പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എട്ട് വയസ്സിന് താഴെയുള്ളവരെ ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്തിന് പുറത്തുപോവാന്‍ ഉദേശിക്കുന്ന സൗദി പൗരന്‍മാര്‍ കൊവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞവരാണെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
തിരിച്ചുവരുന്നവര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ്/പിസിആര്‍ നെഗറ്റീവ് റിസല്‍ട്ട് സര്‍ട്ടിഫിക്കറ്റ് വിമാനത്താവളങ്ങളില്‍ ഹാജരാക്കണം. 16ന് താഴെ പ്രായമുള്ളവര്‍ക്കും വാക്‌സിനെടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയവര്‍ക്കും ഇത് ബാധകമല്ല. പുതിയ നിബന്ധനകള്‍ ഈ മാസം ഒമ്പത് (ബുധനാഴ്ച) പുലര്‍ച്ചെ മുതല്‍ പ്രാബല്യത്തിലാവും. എല്ലാവരും മുന്‍കരുതല്‍ നടപടികളും പ്രതിരോധ നടപടികളും അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകളും പാലിക്കണമെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ മൂന്ന് ഡോസുമെടുത്ത് പൂര്‍ത്തീകരിക്കണമെന്നും അത് വേഗത്തിലാക്കണമെന്നും വ്യക്തമാക്കി.