'കമ്മീഷ്ണര്‍' റിലീസ് ആയപ്പോള്‍ കാറില്‍ ഐപിഎസ് തൊപ്പി വച്ചയാളാണ് സുരേഷ് ഗോപിയെന്ന് ഗണേഷ് കുമാര്‍

Update: 2025-04-07 16:22 GMT

കൊല്ലം: കമ്മീഷണര്‍ സിനിമ റിലീസായപ്പോള്‍ സ്വന്തം കാറില്‍ ഐപിഎസ് തൊപ്പി വെച്ചയാളാണ് സുരേഷ് ഗോപിയെന്ന് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍. സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'സുരേഷ് ഗോപിക്ക് കട്ട് പറയാന്‍ ഞാന്‍ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാല്‍ ജനങ്ങളാണ് കട്ട് പറയേണ്ടത്. കമ്മീഷ്ണര്‍ റിലീസ് ചെയ്തപ്പോള്‍ കാറിന് പിന്നില്‍ എസ്പിയുടെ തൊപ്പി വെച്ചിരുന്നയാളാണ് സുരേഷ് ഗോപി. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭരത് ചന്ദ്രന്‍ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പോലീസ് തൊപ്പി കാറിന്റെ പിന്നില്‍ സ്ഥിരമായി വെച്ചിരുന്നത്. സാധാരണ ഉന്നത പദവിയിലുള്ള പോലീസുകാര്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ തൊപ്പി ഊരി സീറ്റിന്റെ പിന്നില്‍ വയ്ക്കാറുണ്ട്. അത്തരത്തില്‍ സുരേഷ് ഗോപിയുടെ കാറില്‍ കുറേക്കാലം എസ്പിയുടെ ഐപിഎസ് എന്നെഴുതിയ തൊപ്പി വെച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന രീതിയിലായിരുന്നു വെച്ചിരുന്നത്. അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളു.''-ഗണേഷ് കുമാര്‍ വ്യക്തമാക്കി.

എമ്പുരാനെതിരെ നടക്കുന്നത് സംഘപരിവാര്‍ ആക്രമണമാണെന്നും സിനിമയ്‌ക്കെതിരായ ആക്രമണം അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Similar News