മുന്‍ എംപി ആതിഖ് അഹമ്മദിന്റെ മകന്‍ അസദിനെ യുപി പോലിസ് വെടിവച്ച് കൊന്നു

Update: 2023-04-13 09:52 GMT

ലഖ്‌നോ: മുന്‍ എംപിയും ക്രിമിനല്‍ കേസില്‍ ജയിലില്‍ക്കഴിയുകയും ചെയ്യുന്ന ആതിഖ് അഹമ്മദിന്റെ മകന്‍ അസദ് ഉള്‍പ്പെടെ രണ്ടുപേരെ യുപി പോലിസ് വെടിവച്ച് കൊന്നു. ഝാന്‍സിയില്‍ വച്ചാണ് അസദ് ആതിഖ് അഹമ്മദ്, ഗുലാം എന്നിവരെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്(എസ് ടി എഫ്) വെടിവച്ചു കൊന്നത്. എന്നാല്‍, ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം. ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ട് യുപി പോലിസ് ആതിഖ് അഹമ്മദിനെ ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് പ്രയാഗ്‌രാജിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(സിജെഎം) കോടതിയില്‍ ഹാജരാക്കാന്‍ ഇന്ന് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് മകനെ പോലിസ് കൊലപ്പെടുത്തിയത്. താനും കുടുംബാംഗങ്ങളും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ആതിഖ് അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹൈകോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചത്. ഡെപ്യൂട്ടി എസ്പിമാരായ നവേന്ദു, വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് ഇരുവരെയും കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ നിന്ന് അത്യാധുനിക വിദേശ നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെടുത്തെന്നാണ് പോലിസ് പറയുന്നത്.

    ഗുജറാത്തിലെ സബര്‍മതി ജയിലില്‍ നിന്ന് തന്നെ യുപിയിലെ ജയിലിലേക്ക് മാറ്റുന്നത് കൊല്ലാനാണെന്നും അതിനാല്‍ ജയില്‍ മാറ്റം തടയണമെന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ആതിഖ് നല്‍കിയ ഹരജിയാണ് സുപ്രിംകോടതി ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് തള്ളിയിരുന്നത്. ബിഎസ്പി എംഎല്‍എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിന്റെ വധം ഉള്‍പ്പെടെ നൂറിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആതിഖ് അഹമ്മദ്. ഉത്തര്‍പ്രദേശ് മുന്‍ എംഎല്‍എയും ലോക്‌സഭാംഗവുമായിരുന്നു. 2005ലാണ് ബിഎസ്പി എംഎല്‍എ രാജു പാല്‍ കൊല്ലപ്പെട്ടത്. ഉമേഷ് പാല്‍ ഈ വര്‍ഷം ഫെബ്രുവരി 24ന് പ്രയാഗ്‌രാജിലെ വസതിക്ക് പുറത്ത് വെടിയേറ്റ് മരിക്കുകയായിരുന്നു. ഉമേഷ് പാലിന്റെ ഭാര്യ ജയപാല്‍ നല്‍കിയ പരാതിയില്‍ ആതിഖ് അഹമ്മദ് അടക്കം 16 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. 2006ല്‍ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മാര്‍ച്ച് 28ന് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്.

Tags:    

Similar News