യു.പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; പോലിസുകാരനും അക്രമിയും വെടിയേറ്റ് മരിച്ചു

പോലിസും ഗുണ്ടാ സംഘവും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് പോലിസ് കോണ്‍സ്റ്റബിള്‍ ഹര്‍ഷ് ചൗധരി(26)യും അക്രമി സംഘത്തിലെ ശിവധറും വെടിയേറ്റ് മരിച്ചത്.

Update: 2019-01-28 07:34 GMT

ലഖ്‌നൗ: യു.പിയില്‍ സംഘര്‍ഷത്തിനിടെ വീണ്ടും ഏറ്റുമുട്ടല്‍ കൊല. പോലിസുകാരനും അക്രമിയും കൊല്ലപ്പെട്ടു. പോലിസും ഗുണ്ടാ സംഘവും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് പോലിസ് കോണ്‍സ്റ്റബിള്‍ ഹര്‍ഷ് ചൗധരി(26)യും അക്രമി സംഘത്തിലെ ശിവധറും വെടിയേറ്റ് മരിച്ചത്. പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ക്രിമിനലുകള്‍ അംറോഹയിലെ ബച്ചാരോ മേഖലയിലുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഏറ്റമുട്ടല്‍ നടന്നത്. അക്രമികളിലൊരാളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നതിനിടെ ഇയാള്‍ പോലിസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചൗധരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമിയെ പിന്നീട് പോലിസ് വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളും ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. 19ഓളം ക്രിമിനല്‍ കേസുകള്‍ ഉള്ളയാളായിരുന്നു പ്രതിയായ ശിവധറെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട പൊലീസുകാരന്റെ ഭാര്യക്ക് 40ലക്ഷം രൂപയും മാതാപിതാക്കള്‍ക്ക് 10ലക്ഷവും യോഗി സര്‍ക്കാര്‍ നഷ്ടപരിഹരമായി പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം 3026 ഏറ്റുമുട്ടലുകളിലായി 78 പേര്‍ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് ഹരീഷ് ചൗധരി.

Tags:    

Similar News