യുപിയില്‍ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പോലിസ് പീഡിപ്പിക്കുന്നു
എന്നാല്‍, ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് പകരം പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരേ പരാതി നല്‍കിയവരുടെ ബന്ധുക്കളെ പോലിസ് പീഡിപ്പിക്കുന്നതായി ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ). സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പിയുസിഎല്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് പകരം പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
പോലിസിന്റെ വ്യാജ ഏറ്റുമുട്ടലിനെതിരെ പിയുസിഎല്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയതിന് പിന്നാലെ പോലിസ് തങ്ങളെ നിരന്തരം പീഡിപ്പിക്കുകയാണെന്നാണ് പോലീസ് കൊലപ്പെടുത്തിയ ഇരകളുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. 2017ല്‍ തന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട അതെ ഇന്‍സ്‌പെക്ടര്‍ സഹോദരന്റെ മരണ ശേഷം തന്നെയും വേട്ടയാടുകയാണെന്ന് പോലീസ് വെടിവെച്ച് കൊന്ന സുമിത് ഗുജ്ജാറിന്റെ സഹോദരന്‍ പറഞ്ഞു.
വ്യാജ ഏറ്റുമുട്ടലുകളെ ചോദ്യം ചെയ്യുന്ന മനുഷ്യാവകാശ, സാമൂഹിക പ്രവര്‍ത്തകരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് രിഹായ് മഞ്ചിലെ രാജീവ് യാദവ് ആരോപിച്ചു. കള്ളക്കേസില്‍ കുടുക്കുമെന്ന് അവരെ ഭീഷണിപ്പെടുത്തുകയാണ്. ഏറ്റുമുട്ടലുകളില്‍ പരിക്കേറ്റവര്‍ക്ക് എന്ത് കൊണ്ട് ചികില്‍സ നല്‍കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇവരെ ജയിലിലിട്ട് കൊലപ്പെടുത്താനുള്ള ഗൂഡാലോചനയാണ് ഇതിന് പിന്നില്‍.
തങ്ങളുടെ തെറ്റായ ചെയ്തികളെ ന്യായീകരിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എന്തും ചെയ്യാന്‍ തയ്യാറാകുമെന്ന് എന്‍സിഎച്ച്ആര്‍ഒ പ്രതിനിധി അഡ്വ. അന്‍സാര്‍ ഇന്‍ഡോരി പറഞ്ഞു. ഇതിന്റെ ഭാഗമാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ട്. 2017 മാര്‍ച്ചിനും 2018 മാര്‍ച്ചിനും ഇടയില്‍ 3 ലക്ഷത്തിലേറെ പേര്‍ സംസ്ഥാനത്ത് അറസ്റ്റിലായെന്നും അറസ്റ്റിനെ എതിര്‍ത്തിവര്‍ക്കെതിരേ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് പോലിസ് വെടിവച്ചതെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്. 48 പേരെയാണ് പോലിസ് ഇക്കാലയളവില്‍ കൊലപ്പെടുത്തിയത്.
ക്രിമിനലുകളെ ഒന്നുകില്‍ ജയിലില്‍ അടക്കുമെന്നും അല്ലെങ്കില്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്നും 2017 നവംബര്‍ 19ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യം അക്രം ഇന്ത്യ ഫൗണ്ടേഷനിലെ അക്രം അക്തര്‍ ചൂണ്ടിക്കാട്ടി.
ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന പല വസ്തുതകളും ദൂരുഹത ഉണര്‍ത്തുന്നതാണെന്ന് മാധ്യമപ്രവര്‍ത്തക കിരണ്‍ ഷാഹീന്‍ പറഞ്ഞു. ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട 14 കേസുകളിലെ സമാനതകള്‍ അവര്‍ ചൂണ്ടിക്കാട്ടി. മിക്കവര്‍ക്കു നേരെയും തൊട്ടടുത്തുനിന്നാണ് വെടിയുതിര്‍ത്തത്. രക്ഷപ്പെടുമ്പോഴാണ് വെടിവച്ചതെന്ന് പോലിസ് പറയുമ്പോള്‍ ഇത്ര തൊട്ടടുത്ത് നിന്ന് വെടിയേല്‍ക്കുന്നത് എങ്ങിനെയെന്ന് അവര്‍ ചോദിച്ചു.
ഏറ്റുമുട്ടലുകളില്‍ ദരിദ്ര മുസ്‌ലിംകളാണ് കൂടുതലും ഇരകളാക്കപ്പെടുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിനിധി മുഫ്തി ഷെഹ്‌സാദ് പറഞ്ഞു. ആദ്യം വെടിവച്ചുകൊല്ലുകയും പിന്നീട് അവരുടെ കൈയില്‍ തോക്ക് പിടിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം കേസുകള്‍ ഗൗരവകരമായി കൈകാര്യം ചെയ്യണമെന്നും നീതി ലഭ്യമാക്കണമെന്നും ഇരകളുടെ ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു