വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പുത്തനത്താണിയില്‍ നിന്നും തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കുറ്റിപ്പുറത്ത് നിന്നും തിരിഞ്ഞ് പോകണമെന്ന് അധികൃതര്‍ അറിയിച്ചു.
വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി വട്ടപ്പാറയില്‍ പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു.
ചൊവാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. താഴ്ച്ചയിലേക്ക് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. പരുക്കേറ്റ ഡ്രൈവര്‍ തമിഴ്‌നാട് തിരുനല്‍വേലി സ്വദേശി അറുമുഖ സ്വാമി (38)യെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താഴ്ച്ചയിലേക്ക് മറിഞ്ഞ ലോറിയില്‍ നിന്നും വാതകം ചോരുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പോലിസും തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പുത്തനത്താണിയില്‍ നിന്നും തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കുറ്റിപ്പുറത്ത് നിന്നും തിരിഞ്ഞ് പോകണമെന്ന് അധികൃതര്‍ അറിയിച്ചു.