ഒഡീഷയില്‍ അമോണിയ ചോര്‍ച്ച; 28 പേര്‍ ആശുപത്രിയില്‍

Update: 2022-09-29 06:14 GMT

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ പ്രമുഖ ചെമ്മീന്‍ സംസ്‌കരണ പ്ലാന്റിലുണ്ടായ അമോണിയ ചോര്‍ച്ചയെത്തുടര്‍ന്ന് 28 പേരെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരുടെ ആരോഗ്യനില ഗുരുതരമാണ്. രോഗബാധിതരായ തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

ബുധനാഴ്ച വൈകീട്ട് ഏഴിനാണ് ഘന്റാപട മേഖലയിലെ ഗഡബഹാനഗ പ്രദേശത്തുള്ള ഹൈലാന്‍ഡ് ആഗ്രോ ഫുഡ് പ്ലാന്റില്‍ വാതകചോര്‍ച്ചയുണ്ടായത്. പ്ലാന്റിലുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് അമോണിയ ശ്വസിച്ച് ശ്വാസതടസ്സവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് പോലിസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 28 പേരെയും ആദ്യം ഘന്റാപട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് പ്രവേശിപ്പിച്ചത്.

15 പേരെ ബാലസോറിലേക്ക് റഫര്‍ ചെയ്തു. ഇതുവരെ 7 തൊഴിലാളികളെ മാത്രമേ ബാലസോര്‍ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളൂ. അവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. 3 പേരെ ഡിസ്ചാര്‍ജ് ചെയ്തു- ബാലസോര്‍ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജുലാല്‍സെന്‍ ജഗ്‌ദേവ് എന്നിവരെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. തൊഴിലാളികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കുമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News