വളാഞ്ചേരി വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; വാതക ചോര്‍ച്ചയില്ല, ഡ്രൈവര്‍ക്ക് പരിക്ക്, വാഹനങ്ങള്‍ തിരിച്ചു വിടുന്നു

ഗ്യാസ് ചോര്‍ച്ചയില്ലാത്തത് മൂലം വലിയ അപകടമാണ് ഒഴിവായത്. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടം.

Update: 2019-09-21 15:10 GMT

പുത്തനത്താണി: ദേശീയപാതയിലെ പ്രധാന അപകടമേഖലയായ വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഗ്യാസ് ചോര്‍ച്ചയില്ലാത്തത് മൂലം വലിയ അപകടമാണ് ഒഴിവായത്. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടം. മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യാസ് ടാങ്കറാണ് നിയന്ത്രണം വിട്ട് വട്ടപ്പാറ പ്രധാന വളവിന് തൊട്ടു താഴെ പള്ളിയുടെ സമീപത്തായി മറിഞ്ഞത്.

അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ കഞ്ഞിപ്പുര, മൂടാല്‍ വഴി തിരിച്ചു വിട്ടു. വളാഞ്ചേരി സി ഐ ടി മനോഹരന്‍, എസ് ഐ കെ ആര്‍ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഹൈവേ പോലിസും സ്ഥലത്തെത്തി. പൊന്നാനി ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ചേളാരി ഐഒ സി പ്ലാന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തി. രാത്രിയോടെ ക്രയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്തി മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍.




Tags:    

Similar News