ലോകമേ കാണൂ...; ഗസയിലെ കുട്ടികളുടെ വാര്‍ത്താസമ്മേളനം(വീഡിയോ)
ആദ്യം അറബിയിലും പിന്നീട് ഇംഗ്ലീഷിലും വായിക്കുന്നുണ്ട്. അറബ് ലോകം മാത്രമല്ല, ലോകമേ നിങ്ങളൊന്ന് കാണൂ എന്നാണ് അതിലൂടെ പറയുന്നത്.
ഗസാ സിറ്റി: ഗസ കുട്ടികളുടെ ശ്മശാനമായി മാറുകയാണെന്ന് കഴിഞ്ഞ ദിവസമാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. ഗസയിലെ കുഞ്ഞുങ്ങളുടെ ദുരിതാവസ്ഥ വിവരിക്കാന്‍ ഇതിലും വേറെ വാക്കുകള്‍ വേണ്ട. എന്തിനേറെ ഈ വാക്കുകളൊന്നും തന്നെ വേണ്ടല്ലോ. ഒരു മാസത്തിലേറെയായി നാമെല്ലാവരും എല്ലാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. എന്നിട്ടും അവിടുത്തെ കുട്ടികളും ജനങ്ങളും എങ്ങനെയാണ് അതിജീവിക്കുന്നതെന്ന് അല്‍ഭുതപ്പെട്ടിരിക്കുകയാണ് നാമെല്ലാവരും. കൂട്ടക്കൊലകള്‍ തല്‍സമയം കണ്ടിട്ടും നാവനക്കാത്ത നമ്മളോട് ഒടുവില്‍ ഗസയിലെ കുട്ടികള്‍ തന്നെ വാര്‍ത്താസമ്മേളനം നടത്തി അവരുടെ കഥ വിവരിക്കുകയാണ്. ഗസ അല്‍ഷിഫാ ആശുപത്രിയില്‍ മരണത്തിനും ബോംബിനും ഇടയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരുകൂട്ടം കുട്ടികള്‍ നടത്തുന്ന വാര്‍ത്താസമ്മേളനം ഒന്നുകാണാം.
Full View
മുന്നിലൊരു മേശപ്പുറത്ത് ചാനല്‍ മൈക്കുകള്‍ നിരത്തിയിട്ടുണ്ട്. അഭയാര്‍ഥി ക്യാംപിലാണ് അവര്‍ മാധ്യമങ്ങളെ കാണുന്നതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ അറിയാം. കട്ടിലും താര്‍പായയുമെല്ലാം കാണുന്നുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 20ഓളം കുട്ടികളാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ അണിനിരന്നിട്ടുള്ളത്. ഇതില്‍ വയസ്സില്‍ മുമ്പനായ ഒരു ആണ്‍കുട്ടിയാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്. കൈയില്‍ കരുതിയ വാര്‍ത്താകുറിപ്പ് വായിക്കുകയാണവന്‍. ആദ്യം അറബിയിലും പിന്നീട് ഇംഗ്ലീഷിലും വായിക്കുന്നുണ്ട്. അറബ് ലോകം മാത്രമല്ല, ലോകമേ നിങ്ങളൊന്ന് കാണൂ എന്നാണ് അതിലൂടെ പറയുന്നത്. സാധാരണയായി രാഷ്ട്രീയനേതാക്കളുടെയും പ്രഗല്‍ഭരുടെയുമൊക്കെ വാര്‍ത്താസമ്മേളനങ്ങളാണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍, ഈ കുരുന്നുകള്‍ നടത്തുന്ന വാര്‍ത്താസമ്മേളനം ഒന്ന് ശ്രദ്ധിക്കൂ. വയസ്സിനേക്കാള്‍ അവരെത്രത്തോളം പക്വത കൈവന്നിരിക്കുന്നുവെന്ന് കണ്ടറിയാം. വാക്കുകള്‍ മുഴുമിപ്പിക്കാന്‍ അവന്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. ബാക്കിയുള്ളവരെല്ലാം ശ്രദ്ധയോടെ, അച്ചടക്കത്തോടെ അവിടെ നില്‍ക്കുകയാണ്. സ്വസ്ഥമായിട്ട് ഇരിക്കാന്‍ പോലും ഒരു ഇടമില്ലല്ലോ.
ഒക്ടോബര്‍ ഏഴിനു ശേഷം നടന്ന കാര്യങ്ങളാണ് കുട്ടി വിവരിക്കുന്നത്. ഞങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതാണ് നമ്മള്‍ കാണുന്നത്. കൂട്ടക്കൊല, തലയ്ക്കു മീതെ ബോംബുകള്‍, വ്യാപാരങ്ങളും വാഹനങ്ങളുമെല്ലാം തകര്‍ത്തു. അവര്‍ ഗസയിലെ ജനതയെയാകെ കൊന്നൊടുക്കുകയാണ്. കുട്ടികളെന്നോ കുരുന്നുകളെന്നോ വ്യത്യാസമില്ലാതെയാണ് ആക്രമണം. ബോംബിങില്‍ നിന്ന് രക്ഷതേടിയാണ് ഗസയിലെ അല്‍ഷിഫ ആശുപത്രിയിലെത്തിയത്. എന്നാല്‍ അധിനിവേശകര്‍ അവിടെയും ബോംബിട്ടു. വെള്ളവും ഇന്ധനവും വിച്ഛേദിച്ചു. ഇപ്പോള്‍ ഞങ്ങള്‍ പറയുന്നു. ഞങ്ങളെ രക്ഷിക്കണം. ഭക്ഷണം വേണം. സമാധാനം വേണം. വിദ്യാഭ്യാസം വേണം. എല്ലാറ്റിനുമുപരിയായി നമ്മുടെ നാട്ടില്‍ നമുക്ക് ജീവിക്കാനുള്ള അവകാശം വേണം എന്നു പറഞ്ഞാണ് ആ കുട്ടി വാര്‍ത്താസമ്മേളനം അഴസാനിപ്പിക്കുന്നത്. വാക്കുകളില്‍ പോലും സൂക്ഷ്മതയുണ്ട്. അതിജീവനത്തിനു വേണ്ട ജാഗ്രതയുണ്ട്. അധിനിവേശത്തെ തിരിച്ചറിയാനുള്ള പക്വതയുണ്ട്. എന്നിട്ടുമെന്തോ ലോകം മിണ്ടുന്നില്ല, ഏറ്റവും കുറഞ്ഞത് വെടിനിര്‍ത്താന്‍ അധിനിവേശ ഇസ്രായേല്‍ സൈന്യത്തെ പ്രേരിപ്പിക്കിന്നില്ല എന്നാണ് ആ കുട്ടി വാര്‍ത്താസമ്മേളനം വിളിച്ചു പറയുന്നത്.
ഗസയില്‍ പ്രതിദിനം 160 കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന തന്നെ പറയുന്നത്. ഇസ്രായേലിന്റെ യുദ്ധം 31 ദിവസം പിന്നിട്ടപ്പോള്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 10022 ആയെന്നും ഇതില്‍ 4101 കുട്ടികളുണ്ടെന്നും യുനൈറ്റഡ് നാഷന്‍സ് ഓഫിസ് ഫോര്‍ ദി കോഓഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് തന്നെ രേഖപ്പെടുത്തുന്നു. ആകെ കൊല്ലപ്പെട്ടവരില്‍ 67 ശതമാനം പേരും കുട്ടികളും സ്ത്രീകളും വയോധികരുമാണ്. 192 കുടുംബങ്ങള്‍ക്കാണ് 10ലേറെ പേരെ നഷ്ടപ്പെട്ടത്. 139 കുടുംബങ്ങള്‍ക്ക് ആറ് മുതല്‍ 9വരെ അംഗങ്ങളെ നഷ്ടപ്പെട്ടു. രണ്ടുമുതല്‍ അഞ്ചുവരെ കൂടപ്പിറപ്പുകളെ നഷ്ടപ്പെട്ടത് 444 കുടുംബങ്ങള്‍ക്കാണ്. 1,350 കുട്ടികള്‍ ഉള്‍പ്പെടെ 2,450 പേരെ കാണാതായതായും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിപ്പോവുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ഗസ ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നുണ്ട്.
ഇനിയുമെത്ര പേര്‍ കൊല്ലപ്പെടുമെന്ന് ആര്‍ക്കും പ്രവചിക്കാനാവാത്ത വിധമാണ് ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ കടന്നുകയറ്റം. ഒരുപക്ഷേ, ഈ വാര്‍ത്താസമ്മേളനം നടത്തിയ കുട്ടികള്‍ പോലും ഇത് നിങ്ങളിലേക്കെത്തുമ്പോഴേക്കും രക്ഷസാക്ഷി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടാവാം.