സിപിഎം ഓഫിസില്‍ മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനം; നഗരസഭാ ചെയര്‍പേഴ്‌സനെതിരേ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്
കോട്ടയം: സര്‍ക്കാര്‍ പരിപാടി വിശദീകരിക്കാന്‍ മന്ത്രി വി എന്‍ വാസവന്‍ സിപിഎം ഓഫിസില്‍ വാര്‍ത്താസമ്മേളനം വിളിച്ചത് വിവാദമാവുന്നു. കഴിഞ്ഞ ദിവസമാണ് ഏറ്റുമാനൂര്‍ മണ്ഡലത്തിലെ വികസന പരിപാടികളെക്കുറിച്ച് വിശദീകരിക്കാന്‍ ഏറ്റുമാനൂരിലെ സിപിഎം ഓഫിസില്‍ മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ഏറ്റുമാനൂര്‍ ബൈപാസിന്റെ ഉദ്ഘാടനമായിരുന്നു പ്രധാന പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാര്‍ പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു മന്ത്രി സിപിഎം ഓഫിസില്‍ നടത്തിയത്.
സാധാരണയായി എംഎല്‍എ ഓഫിസിലോ പ്രസ്‌ക്ലബ്ബിലോ നടത്തേണ്ട വാര്‍ത്താസമ്മേളനമാണ് പതിവുതെറ്റിച്ച് സിപിഎം ഓഫിസില്‍ നടത്തിയത്. ചട്ടങ്ങള്‍ ലംഘിച്ച് സിപിഎം ഓഫിസില്‍ ഔദ്യോഗിക വാര്‍ത്താസമ്മേളനം നടത്തിയതും കോണ്‍ഗ്രസ് പ്രതിനിധി പങ്കെടുത്തതും വിവാദമാക്കിയിരിക്കുകയാണ് നേതൃത്വം. സിപിഎം ഓഫിസില്‍ മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നഗരസഭാ ചെയര്‍പേഴ്‌സനെതിരേ നടപടിക്കൊരുങ്ങുകയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. മന്ത്രി വി എന്‍ വാസവനും സിപിഎം ഏരിയാ സെക്രട്ടറിക്കുമൊപ്പമാണ് ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
നഗരസഭയിലെ രാഷ്ട്രീയ ശത്രുവിന്റെ ഓഫിസില്‍ പോയി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്തില്‍ ലൗലിയോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വിശദീകരണം ചോദിക്കുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. എന്നാല്‍, സ്ഥലപരിമിതി മൂലമാണ് വാര്‍ത്താസമ്മേളനം സിപിഎം ഓഫിസില്‍ നടത്തിയതെന്നാണ് മന്ത്രി വി എന്‍ വാസവന്റെ വിശദീകരണം. വികസനത്തില്‍ രാഷ്ട്രീയമില്ല, എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് വികസനം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.