പനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

അപകടം സംഭവിച്ച പനയംപാടം സന്ദര്‍ശിച്ച വേളയിളാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഔദ്യോഗിക വാഹനം ഓടിച്ച് റോഡില്‍ പരിശോധന നടത്തുകയും ചെയ്തു

Update: 2024-12-14 11:45 GMT

പാലക്കാട്: പനയംപാടത്ത് അപകടം ഉണ്ടാക്കിയ ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. റോഡിന്റെ അപാകത പരിഹരിക്കാനുള്ള നടപടകള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടം സംഭവിച്ച പനയംപാടം സന്ദര്‍ശിച്ച വേളയിളാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഔദ്യോഗിക വാഹനം ഓടിച്ച് റോഡില്‍ പരിശോധന നടത്തുകയും ചെയ്തു.

''വിദഗ്ദ അഭിപ്രായങ്ങളും നാട്ടുകാരുടെ അഭിപ്രായങ്ങളും എല്ലാം പരിഗണിച്ച് ചര്‍ച്ച നടത്തും. ദേശീയപാത അതോറിറ്റിയോട് ഫണ്ട് ആവശ്യപ്പെടുകയും കിട്ടിയില്ലെങ്കില്‍ റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്ന് തുക ചെലവാക്കുകയും ചെയ്യും. റോഡില്‍ കോണ്‍ക്രീറ്റ് ഡിവൈഡര്‍ സ്ഥാപിക്കും.ഓട്ടോ സ്റ്റാന്റ് മാറ്റും.പാര്‍ക്കിങ് മാറ്റും. എന്‍എച്ച് ഐ നിര്‍മാണത്തിലെ അപാകതയാണ് അപകട കാരണം'' ഗണേഷ് കുമാര്‍ വ്യക്തമാക്കി. ലോറി ഡ്രൈവര്‍മാരായ കാസര്‍കോട് സ്വദേശി മഹേന്ദ്രപ്രസാദ്, മലപ്പുറം സ്വദേശി പ്രജിന്‍ ജോണ്‍ എന്നിവരുടെ ലൈസന്‍സ് ആണ് റദ്ദാക്കുക.

കഴിഞ്ഞ ദിവസമാണ് പാലക്കാട് കരിമ്പയില്‍ ലോറി മറിഞ്ഞ് നാല് എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ മരിച്ചത്. സിമന്റ് കയറ്റിവന്ന ലോറി മറ്റൊരു ലോറിയില്‍ ഇടിച്ച് കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തെതുടര്‍ന്ന് രണ്ട് ഡ്രൈവര്‍മാരെയും മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

Tags:    

Similar News