സിദ്ദിഖ് കാപ്പന് ശരിയായ ചികില്‍സ നല്‍കുക: പുരോഗമന കലാസാഹിത്യ സംഘം

Update: 2021-04-26 09:15 GMT

തിരുവനന്തപുരം: ഉത്തരപ്രദേശില്‍ തടങ്കലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഉചിതമായ ചികില്‍സ നല്‍കാന്‍ അവിടത്തെ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും യുപി പോലിസ് അറസ്റ്റ് ചെയ്തത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടു എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത അദ്ദേഹത്തിനു മേല്‍ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കാപ്പനെ മഥുരയിലെ കെഎം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്ത വിധം അദ്ദേഹത്തെ ആശുപത്രിക്കട്ടിലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നു. കടുത്ത പ്രമേഹമടക്കം പലവിധ രോഗങ്ങളുമുള്ള അദ്ദേഹത്തിന്റെ സ്ഥിതി അത്യന്തം ദയനീയമാണെന്ന് അറിയുന്നു. മെച്ചപ്പെട്ട ചികില്‍സ കിട്ടുന്നിടത്തേക്ക് അദ്ദേഹത്തെ അടിയന്തിരമായി മാറ്റണം.

    ബിജെപി ഭരിക്കുന്ന യുപി സംസ്ഥാനം ഇന്ന് വര്‍ഗീയ ഭീകരതയുടെ വിളനിലമായിരിക്കുകയാണ്. ദലിത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും അവിടെ ജീവിക്കാന്‍ നിര്‍വാഹമില്ലതായിരിക്കുന്നു. അവിടത്തെ നീതിനിര്‍വഹണത്തില്‍ ഞങ്ങള്‍ക്ക് സംശയം ഉണ്ട്. കാപ്പന് മാനുഷിക പരിഗണന കിട്ടുന്നതിന് രാജ്യവ്യാപകമായി പൗരാവകാശ പ്രവര്‍ത്തകരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും പ്രസിഡന്റ് ഷാജി എന്‍ കരുണും ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Give the right treatment to Siddique Kappan: PUKASA

Tags:    

Similar News