ഒരു മില്യണ്‍ ഡോളറിന്റെ ആഗോള അധ്യാപക പുരസ്‌കാരം ഇന്ത്യന്‍ അധ്യാപകന്

ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം മാറ്റിമറിച്ച് രഞ്ജിത് സിങ് ഡിസാലെ

Update: 2020-12-04 06:57 GMT

ലണ്ടന്‍: ഒരു മില്യണ്‍ ഡോളര്‍(ഏകദേശം 7.37 കോടി രൂപ) സമ്മാനത്തുകയുള്ള ആഗോള അധ്യാപക പുരസ്‌കാരം-2020 ഇന്ത്യന്‍ അധ്യാപകന്. മഹാരാഷ്ട്രയിലെ സോളാപൂരിലെ പരിതേവാടിയിലെ ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂളിലെ രഞ്ജിത്സിങ് ഡിസാലെയ്ക്കാണ് പുരസ്‌കാരം. ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നടന്ന വെര്‍ച്വല്‍ ചടങ്ങില്‍ ഇംഗ്ലീഷ്-ഹാസ്യനടനും എഴുത്തുകാരനുമായ സ്റ്റീഫന്‍ ഫ്രൈയാണ് ഡിസാലിന്റെ പേര് വ്യാഴാഴ്ച പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ ചെറു ഗ്രാമത്തില്‍ നിന്നുള്ള അധ്യാപകനായ ഇദ്ദേഹം പെണ്‍കുട്ടികളുടെ ജീവിതസാധ്യത മാറ്റിമറിച്ചെന്നാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയുടെ കണ്ടെത്തല്‍. അതേസമയം, സമ്മാനത്തിന്റെ പകുതിയും തന്റെ മികച്ച 10 ഫൈനലിസ്റ്റുകളുമായി പങ്കുവയ്ക്കുമെന്ന് ഡിസാലെ പ്രഖ്യാപിച്ചു. അതായത് സമ്മാനത്തുകയില്‍ നിന്ന് മറ്റ് ഒമ്പത് ഫൈനലിസ്റ്റുകള്‍ക്ക് 55,000 ഡോളര്‍ വീതം ലഭിക്കും. ആറ് വര്‍ഷത്തെ അവാര്‍ഡ് ചരിത്രത്തിലെ ആദ്യ സംഭവമാണിത്. ലോകത്തെ 140 രാജ്യങ്ങളില്‍ നിന്നുള്ള 12,000 നോമിനേഷനുകളില്‍ നിന്നും അപേക്ഷകളില്‍ നിന്നുമാണ് ഡിസാലെയെ വിജയിയായി തിരഞ്ഞെടുത്തത്.

    കൊവിഡ് മഹാമാരിക്കാലത്ത് യുവാക്കളെ പഠനത്തിനു സഹായിച്ച യുകെയിലെ ഗണിത അധ്യാപിക ജാമി ഫ്രോസ്റ്റിന് പ്രത്യേക അംഗീകാരവും നല്‍കി. ഡ്രോസ്റ്റ് മാത് സ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തതിന് 45,000 ഡോളര്‍ കൊവിഡ് ഹീറോ അവാര്‍ഡ് ഫ്രോസ്റ്റിന് ലഭിച്ചു. ഇത് ലോകമെമ്പാടും ക്ലാസ് മുറികളില്‍ നിന്ന് പുറത്തായ വിദ്യാര്‍ത്ഥികളുടെ ജീവിതമാര്‍ഗമായി മാറിയതായി കമ്മിറ്റി കണ്ടെത്തി. ചടങ്ങില്‍ വാര്‍ക്കി ഫൗണ്ടേഷന്‍ പുതുതായി 50,000 ഡോളര്‍ സമ്മാനത്തുകയുള്ള ഗ്ലോബല്‍ സ്റ്റുഡന്റ് പ്രൈസ് ആരംഭിക്കുന്നതായി ചെഗ്.ഓര്‍ഗ് പ്രഖ്യാപിച്ചു. പുതുവര്‍ഷത്തില്‍ ഇതിന്റെ അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും തുടങ്ങും. ''ആഗോള അധ്യാപക പുരസ്‌കാരം-2020 നേടിയതിന് രഞ്ജിത് സിങ് ഡിസാലിനെ അഭിനന്ദിക്കുന്നു. സമ്മാനത്തുക പങ്കിടുന്നതിലൂടെ അതിന്റെ പ്രാധാന്യം നിങ്ങള്‍ ലോകത്തെ പഠിപ്പിക്കുന്നുവെന്നും ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് സ്ഥാപകന്‍ സണ്ണി വര്‍ക്കി പറഞ്ഞു:

    വര്‍ക്കി ഫൗണ്ടേഷന്റെ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് 2014ല്‍ ദുബയിലാണ് തുടങ്ങിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പുരസ്‌കാരം നല്‍കുന്നത്.

ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി രഞ്ജിത് സിങ്

    രഞ്ജിത് സിങ് 2009ല്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂളിലെത്തിയപ്പോള്‍ അത് ഒരു കന്നുകാലി ഷെഡിനും സ്റ്റോര്‍ റൂമിനും ഇടയില്‍ തകര്‍ന്ന കെട്ടിടമായിരുന്നു. ഇവിടെ പഠിക്കുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ളവരായിരുന്നു. രണ്ട് ശതമാനത്തില്‍ കുറവായിരുന്നു പലപ്പോഴും ഹാജര്‍ നില. കൗമാര വിവാഹങ്ങള്‍ സാധാരണമായിരുന്നു.

    സ്‌കൂളില്‍ ചേര്‍ന്നവര്‍ക്കാവട്ടെ പാഠ്യപദ്ധതി അവരുടെ പ്രാഥമിക ഭാഷയില്‍ (കന്നഡ) അല്ലാത്തതിനാല്‍ നിരവധി പേര്‍ സ്‌കൂള്‍ വിട്ടു. ഇതിനൊരു മാറ്റം വരുത്താനും പ്രാദേശിക ഭാഷ പഠിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്താനും രഞ്ജിത് സിങ് തീരുമാനിച്ചു. പാഠപുസ്തകങ്ങള്‍ തന്റെ വിദ്യാര്‍ത്ഥികളുടെ മാതൃഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുക മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്ക് ഓഡിയോ കവിതകള്‍, വീഡിയോ പ്രഭാഷണങ്ങള്‍, കഥകള്‍, അസൈന്‍മെന്റുകള്‍ എന്നിവയിലേക്ക് പ്രവേശനം നല്‍കാന്‍ ക്യുആര്‍ കോഡുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗത പഠന അനുഭവം സൃഷ്ടിക്കാനായി ക്യുആര്‍ കോഡ് ചെയ്തതോടെ അവരുടെ പഠനവനിലവാരം വിശകലനം ചെയ്യാന്‍ എളുപ്പമായി. പാഠപുസ്തകങ്ങളിലെ ഉള്ളടക്കം, പ്രവര്‍ത്തനങ്ങള്‍, അസൈന്‍മെന്റുകള്‍ എന്നിവയെല്ലാം എളുപ്പത്തിലാക്കി. പ്രത്യേക പഠനസഹായം ആവശ്യങ്ങളുള്ള പെണ്‍കുട്ടികളെ സഹായിക്കാനായി ക്യുആര്‍ കോഡെഡ് പാഠപുസ്തകങ്ങളെ ആഴത്തിലുള്ള റീഡറും ഫ്‌ലിപ്പ് ഗ്രിഡ് ഉപകരണങ്ങളും ഉപയോഗിച്ച് നവീകരിച്ചു. ഇപ്പോള്‍ ഗ്രാമത്തില്‍ കൗമാര വിവാഹങ്ങളില്ല. സ്‌കൂളിലാവട്ടെ 100 ശതമാനം പെണ്‍കുട്ടികളും ഹാജര്‍.

    85 ശതമാനം വിദ്യാര്‍ത്ഥികളും വാര്‍ഷിക പരീക്ഷകളില്‍ എ ഗ്രേഡ് നേടിയ ഈ സ്‌കൂളിനെ ഈയിടെ ജില്ലയിലെ മികച്ച സ്‌കൂളായി തിരഞ്ഞെടുത്തു. ഗ്രാമത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ഇപ്പോള്‍ സര്‍വകലാശാല ബിരുദം നേടി. രഞ്ജിത് സിങ് വരുന്നതിനുമുമ്പ് അസാധ്യമായ ഒരു സ്വപ്നമായിരുന്നു ഇത്. ഇന്ത്യയിലുടനീളം ക്യുആര്‍ കോഡ് ചെയ്ത പാഠപുസ്തകങ്ങളുടെ ഉപയോഗമെന്ന വിപ്ലവത്തിനല്ല അദ്ദേഹം തുടക്കം കുറിച്ചത്. മഹാരാഷ്ട്രയിലെ തന്നെ ആദ്യത്തെ സ്‌കൂളാണിത്.

    ഇതുസംബന്ധിച്ച ഒരു നിര്‍ദ്ദേശവും വിജയകരമായ പൈലറ്റ് പദ്ധതിയും സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഒന്നു മുതല്‍ 12 വരെ ഗ്രേഡുകള്‍ക്ക് സംസ്ഥാനത്തുടനീളം ക്യുആര്‍ കോഡ് ചെയ്ത പാഠപുസ്തകങ്ങള്‍ അവതരിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ 2017 ല്‍ പ്രഖ്യാപിച്ചു. രഞ്ജിത് സിങിന്റെ വിജയത്തെത്തുടര്‍ന്ന്, ക്യുആര്‍ കോഡ് ചെയ്ത പാഠപുസ്തകങ്ങളുടെ സ്വാധീനത്തെക്കുറിച്ചും ഇത് ദേശീയതലത്തില്‍ എങ്ങനെ നടപ്പാക്കാമെന്നും പഠിക്കാന്‍ എന്‍സിആര്‍ടി(നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്)യോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാ എന്‍സിആര്‍ടി പാഠപുസ്തകങ്ങളും ക്യുആര്‍ കോഡുകള്‍ ചേര്‍ക്കുമെന്ന് 2018 ല്‍ മാനവ വിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രഖ്യാപിച്ചു.

Global Teacher Prize 2020: Indian teacher wins $1 million

Tags:    

Similar News