ജി എന്‍ സായിബാബയെ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ നിന്ന് നീക്കി
90ശതമാനം ശാരീരിക വൈകല്യമുള്ള, വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന സായിബാബയെ മാവോവാദി ബന്ധം ആരോപിച്ച് 2017ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതുടര്‍ന്ന് അന്നുതൊട്ട് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് അദ്ദേഹം.
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ രാം ലാല്‍ ആനന്ദ് കോളജ് അധികൃതര്‍ ചിന്തകനും ആക്റ്റീവിസ്റ്റുമായ ജി എന്‍ സായിബാബയെ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ നിന്ന് നീക്കി. 22 കാരിയായ മകള്‍ മഞ്ജീരയെ ഉദ്ധരിച്ച് വാര്‍ത്താ സൈറ്റായ സ്‌ക്രോള്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. 90ശതമാനം ശാരീരിക വൈകല്യമുള്ള, വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന സായിബാബയെ മാവോവാദി ബന്ധം ആരോപിച്ച് 2017ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതുടര്‍ന്ന് അന്നുതൊട്ട് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് അദ്ദേഹം. സായിബാബയ്ക്ക് ഫെബ്രുവരി 13ന് കൊറോണ വൈറസ് ബാധിച്ചിരുന്നു.
2014ല്‍ അറസ്റ്റിലാവുന്നത് വരെ സായിബാബ രാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. ഇദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ കാര്യം പഠിക്കുന്നതിന് കോളജ് ഒരു ഏകാംഗ സമിതി രൂപീകരിച്ചിരുന്നു. തസ്തികയില്‍നിന്ന് നീക്കികൊണ്ട് അയച്ച കത്തില്‍ വ്യക്തമായ കാരണം രേഖപ്പെടുത്തുകയോ അതിനെ പിന്തുണയ്ക്കുന്ന രേഖകള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ മകള്‍ കോളജ് അധികൃതരുടെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
മാര്‍ച്ച് 31 ഉച്ച മുതല്‍ പിതാവിന്റെ സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായും മൂന്ന് മാസത്തെ ശമ്പളം സായിബാബയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതായും കത്തിലുണ്ട്. പഠിപ്പിക്കാന്‍ കോളജില്‍ ഹാജരാവാതെ സേവന നിബന്ധനകള്‍ ലംഘിച്ചെന്ന് ആരോപിച്ച് അറസ്റ്റുചെയ്യുന്ന സമയത്ത് അധികൃതര്‍ അദ്ദേഹത്തിനെതിരെ അച്ചടക്കനടപടികള്‍ ആരംഭിച്ചിരുന്നു.