പനജി: ഗോവയില്‍ മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ അലിന സല്‍ദാന്‍ഹ പാര്‍ട്ടി വിട്ടു. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ച അലിന സ്പീക്കര്‍ രാജേഷ് പട്‌നേക്കറിന് രാജിക്കത്ത് സമര്‍പ്പിച്ചു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎല്‍എ പാര്‍ട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഏതു പാര്‍ട്ടിയിലേക്ക് പോകുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
കോര്‍ടലിം മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ഇവര്‍. മുന്‍ പരിസ്ഥിതി മന്ത്രിയുമായിരുന്നു. അതിനിടെ, സ്വതന്ത്ര എംഎല്‍എ രോഹന്‍ ഖൗന്ദെ ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹം സ്പീക്കര്‍ക്കു മുമ്പാകെ രാജി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ രോഹനെ പാര്‍ട്ടിയിലെടുക്കുന്നതില്‍ പ്രാദേശിക നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്.
നേരത്തെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ രവി നായിക് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഇതോടെ സഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം മൂന്നായി ചുരുങ്ങി. ആകെ 40 സീറ്റുള്ള നിയമസഭയില്‍ ബിജെപിക്ക് 27 സീറ്റുണ്ട്. കോണ്‍ഗ്രസിന് മൂന്നും ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്ക് രണ്ടും സീറ്റുണ്ട്.