ഗോവയില്‍ 15 എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു: മുഖ്യമന്ത്രിയെ ഹോളിക്ക് ശേഷം പ്രഖ്യാപിക്കും
അടുത്ത മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ എംഎല്‍എമാര്‍ക്ക് തന്നെ നിലവില്‍ വലിയ വ്യക്തതയില്ല.
പനാജി: അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ അഭ്യൂഹം തുടരുന്നതിനിടെ ഗോവ നിയമസഭയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം എംഎല്‍എമാര്‍ നിയമസഭ കവാടത്തിന് മുന്നില്‍ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പുതിയ എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
അതേസമയം, അടുത്ത മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ എംഎല്‍എമാര്‍ക്ക് തന്നെ നിലവില്‍ വലിയ വ്യക്തതയില്ല. തിങ്കളാഴ്ച, സാന്‍വോര്‍ഡെം മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഗണേഷ് ഗാവോങ്കര്‍ ഗോവ രാജ്ഭവനില്‍ പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കേന്ദ്ര നിരീക്ഷകര്‍ വന്ന ശേഷം ചര്‍ച്ച നടത്തി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുമെന്നും തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്നാണ് സംസ്ഥാനത്തിന്റെ കാവല്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കിയത്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി സാവന്ത് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഗോവയിലെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്ര നിരീക്ഷകരായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, കേന്ദ്ര ഫിഷറീസ് സഹമന്ത്രി എല്‍ മുരുകന്‍ എന്നിവരെ കഴിഞ്ഞ ദിവസം ബിജെപി നിയോഗിച്ചിരുന്നു. വെള്ളിയാഴ്ച ഹോളി ഉത്സവത്തിന് ശേഷം മാത്രമേ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂവെന്ന് ബിജെപി ഗോവ സംസ്ഥാന പ്രസിഡന്റ് സദാനന്ദ് ഷെത് തനവാഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മികച്ച വിജയമാണ് ഇത്തവണ നേടിയതെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിനായി ഇതുവരെയില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. വാല്‍പോയ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ വിശ്വജിത്ത് റാണയെയാണ് റാവന്തിന് പകരക്കാരനായി ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നത്. സംസ്ഥാനത്തെ മുന്‍ ആരോഗ്യ മന്ത്രിയാണ് റാണ. 2017ല്‍ കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹം ബിജെപിയിലെത്തുകയായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുന്നതില്‍ വീഴ്ച്ച വരുത്തിയതോടെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ചര്‍ച്ചകളില്‍ റാണയുടെ പേര് മുന്നില്‍ തന്നെയുണ്ടെന്ന് കേന്ദ്ര നേതൃത്വവും വ്യക്തമാക്കുന്നുണ്ട്. ഒരുപക്ഷേ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഒരേസമയം പ്രഖ്യാപിക്കാനാണ് കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്.