വിവാദ വനിതക്ക് തന്റെ ഓഫിസുമായി ബന്ധമില്ല; ഐടി വകുപ്പുമായും നേരിട്ട് ബന്ധമില്ലെന്ന് മുഖ്യമന്ത്രി

സ്വര്‍ണ്ണക്കടത്ത് നടന്നത് ശരിയാണ്. അതില്‍ സര്‍ക്കാരിന് ഒരു ഉത്തരവാദിത്വവുമില്ല. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. കസ്റ്റംസ് അന്വേഷണത്തിന് പൂര്‍ണ പിന്തുണ നല്‍കും- മുഖ്യമന്ത്രിപറഞ്ഞു.

Update: 2020-07-07 14:00 GMT

തിരുവനന്തപുരം: രാജ്യത്തുള്ള മുഴുവന്‍ വിമാനത്താവളങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരിന് ഇവിടെ ഒന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിപ്ലോമാറ്റിക് ബാഗ് ഉപയോഗിച്ച് സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കള്ളക്കടത്ത് വിപുലമായി തോതില്‍ നടക്കുന്നുണ്ട്. ഇത് കണ്ടെത്താനും തടയാനുമായി കസ്റ്റംസിനെ നിയോഗിച്ചിട്ടുള്ളത്. ഇപ്പോഴുണ്ടായ കള്ളക്കടത്ത് സംസ്ഥാന സര്‍ക്കാരുമായി എങ്ങനെയാണ് ബന്ധപ്പെടുക. കേന്ദ്രത്തിന് കീഴിലുള്ള കസ്റ്റംസാണ് ഇക്കാര്യങ്ങളില്‍ ഇടപെടുന്നത്. ഇപ്പോള്‍ വന്നിട്ടുള്ള പാഴ്‌സല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സികള്‍ക്കാണോ വന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ അഡ്രസ്സിലേക്കാണ് പാഴ്‌സല്‍ വന്നത്. കോണ്‍സുലേറ്റിന്റെ അധികാര പത്രമുപയോഗിച്ചാണ് പാഴ്‌സല്‍ വാങ്ങാന്‍ പോയത്. ഈ വീഴ്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ മറുപടി പറയും. സംസ്ഥാന സര്‍ക്കാരിന്റെ ഏത് റോളാണ് ഇവിടെ വരുന്നത്.

വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി യാതൊരു ബന്ധവുമില്ല. ഐടി വകുപ്പുമായും നേരിട്ട് ബന്ധമില്ല.ഐടി വകുപ്പില്‍ നിരവധി പുതിയ പ്രോജക്ടുകളുണ്ട്. അതിലൊന്നില്‍ കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് ചുമതലയാണ് വനിത വഹിച്ചിരുന്നത്. പ്രോജക്ടിന്റെ മാനേജ്‌മെന്റ് നേരിട്ടല്ല ഇവരെ നിയമിച്ചത്. പ്ലേയ്‌സ്‌മെന്റ് ഏജന്‍സി വഴിയാണ് നിയമനം. ഇത്തരം പ്രോജക്ടുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നത് അസ്വാഭാവികതയുള്ള കാര്യമല്ല. ഇവരുടെ പ്രവര്‍ത്തന പരിചയം നോക്കിയാവും എടുത്തത്. ഇതൊന്നും സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയല്ല. കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും ഇവിടെയുണ്ടായിട്ടില്ല. സ്വര്‍ണ്ണക്കടത്ത് നടന്നത് ശരിയാണ്. അതില്‍ സര്‍ക്കാരിന് ഒരു ഉത്തരവാദിത്വവുമില്ല. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. കസ്റ്റംസ് അന്വേഷണത്തിന് പൂര്‍ണ പിന്തുണ നല്‍കും.

അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍ തന്റെ ഓഫിസിനെതിരെയുള്ള പ്രതിപക്ഷ ആരോപണത്തിനുള്ള മറുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുര്‍ഗന്ധത്തില്‍ മുങ്ങി നില്‍ക്കുന്നവര്‍ക്ക് മറ്റുള്ളവരും അങ്ങിനെയാകണമെന്ന് ആഗ്രഹമുണ്ടാകും. ആ പൂതി വച്ചുള്ള നുണ പ്രചരണങ്ങള്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Tags:    

Similar News