സ്വര്‍ണക്കടത്ത് വിവാദം: സര്‍ക്കാരിനു പൂര്‍ണ പിന്തുണയുമായി സിപിഎം കേന്ദ്രകമ്മിറ്റി
ന്യൂഡല്‍ഹി: യുഎഇ നയതന്ത്രാലയത്തെ ദുരുപയോഗം ചെയ്തുള്ള സ്വര്‍ണക്കടത്ത് വിവാദത്തില്‍ കേരള സര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ. സ്വര്‍ണക്കടത്ത് കേസിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അസ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുകയാണെന്നും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഇത്തരം ശ്രമങ്ങളെ ജനം പരാജയപ്പെടുത്തുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കൊവിഡ് ഭീഷണിക്കിടയിലും കേസിന്റെ പേരില്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സിയാണ് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നത്. കുറ്റക്കാരെ മുഴുവന്‍ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നു തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. പാര്‍ട്ടി ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നില്ല. എന്‍ഐഎയ്ക്ക് ആരെക്കുറിച്ചും അന്വേഷിക്കാമെന്നും യെച്ചൂരി പറഞ്ഞു. നേരത്തേ, സിപിഎം സംസ്ഥാന കമ്മിറ്റിയും സര്‍ക്കാരിനു പൂര്‍ണ പിന്തുണയുമായെത്തിയിരുന്നു. അതിനിടെ, വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.