സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍; കൊടി സുനിയുടേത് ഉള്‍പ്പെടെയുള്ള കേസുകള്‍ പുനരന്വേഷിക്കുന്നു
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ് ഉള്‍പ്പെടെയുള്ളവയില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന കൊടി സുനി ഉള്‍പ്പെടെയുള്ളവരുടെ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകള്‍ പുനന്വേഷിക്കുന്നു. രാമനാട്ടുകര സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം മുമ്പത്തെ കേസുകളും പുനരന്വേഷിക്കുന്നത്. പലപ്പോഴും രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടും പോലിസിന്റെ അനാസ്ഥ കൊണ്ടും അന്വേഷണം വഴിമുട്ടിയ കേസുകളാണ് പുതിയ പശ്ചാത്തലത്തില്‍ അന്വേഷിക്കുന്നത്.
കൊടി സുനി ജയിലില്‍നിന്ന് ആസൂത്രണംചെയ്ത കോഴിക്കോട് നല്ലളത്ത് വച്ച് മൂന്നുകിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവം, സ്വര്‍ണംവിറ്റു മടങ്ങുന്നവരില്‍നിന്ന് തിരുനെല്ലിയില്‍ വച്ച് അഞ്ചുകോടിരൂപ കവര്‍ന്ന കേസ് എന്നിവ ഉള്‍പ്പെടെ പുനരന്വേഷിക്കുന്നവയില്‍ ഉള്‍പ്പെടും. ഇതിനു വേണ്ടി പ്രത്യേക സംഘത്തില്‍ 12 അംഗ ടീമാണ് രൂപീകരിച്ചിട്ടുള്ളത്. തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഡിഐജി അനൂപ് കുരുവിള ജോണിനെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തുകാരും കവര്‍ച്ചക്കാരും ഒരുപോലെ ക്വട്ടേഷന്‍സംഘങ്ങളെ ഉപയോഗപ്പെടുത്തുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം കള്ളക്കടത്ത് സ്വര്‍ണവും ഹവാലാപണവും തട്ടിയെടുക്കുന്ന സംഭവങ്ങളില്‍ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങള്‍കൂടി പങ്കാളികളായതോടെ വലിയ ക്രമസമാധാനപ്രശ്‌നമായി മാറിയിരിക്കയാണ്. രാമനാട്ടുകരയില്‍ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ചതു സംബന്ധിച്ച അന്വേഷണമാണ് രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് എത്തിയത്. സിപിഎമ്മിന്റെ സൈബറിടത്തെ സജീവമുഖമായ അഴീക്കോട് സ്വദേശി അര്‍ജ്ജുന്‍ ആയങ്കി കേസില്‍ പ്രതിസ്ഥാനത്തായതോടെ പാര്‍ട്ടി ഇത്തരം സംഘങ്ങളെ പരസ്യമായി തള്ളിപ്പറയുകയായിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Gold smuggling, quotation; Cases involving Kodi Suni are being re-investigated