സ്വപ്‌നാ സുരേഷ് ഖത്തറില്‍ കമ്പനി തുടങ്ങി തട്ടിപ്പിന് നീക്കം നടത്തിയതായി സൂചന

സാമ്പത്തിക തട്ടിപ്പുകളുടെ പേരില്‍ ഖത്തറില്‍ നിയമ നടപടികള്‍ നേരിടേണ്ടി വന്ന ഇസ്മായില്‍ 2015 ല്‍ ജയിലില്‍ ആയതോടെയാണ് തട്ടിപ്പ് നീക്കം പൊളിഞ്ഞത്.

Update: 2020-07-18 09:47 GMT

ദോഹ: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ് ഖത്തറില്‍ കമ്പനി തുടങ്ങി തട്ടിപ്പിന് നീക്കം നടത്തിയിരുന്നതായി സൂചന. മുംതാസ് എന്ന് പേര് മാറ്റിയാണ് സ്വപ്‌നാ സുരേഷ് തട്ടിപ്പിന് നീക്കം നടത്തിയതെന്ന് ഖത്തറില്‍ മാധ്യമ പ്രവര്‍ത്തകനായ അന്‍വര്‍ പാലേരി ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2014-15 കാലയളവില്‍ ദോഹ ആസ്ഥാനമായാണ് വന്‍തട്ടിപ്പിന് നീക്കം നടന്നത്.

ഇതിനായി മതിലകം സ്വദേശിയായ ഇസ്മായില്‍ എന്ന ആളുമായി ചേര്‍ന്ന് കമ്പനിയുണ്ടാക്കാന്‍ നടത്തിയ നീക്കം അവസാന നിമിഷം പൊളിയുകയായിരുന്നു. സാമ്പത്തിക തട്ടിപ്പുകളുടെ പേരില്‍ ഖത്തറില്‍ നിയമ നടപടികള്‍ നേരിടേണ്ടി വന്ന ഇസ്മായില്‍ 2015 ല്‍ ജയിലില്‍ ആയതോടെയാണ് തട്ടിപ്പ് നീക്കം പൊളിഞ്ഞത്.

നേരത്തെ ദുബായിലായിരുന്ന ഇസ്മായിലും സ്വപ്‌നയും ദുബായില്‍ തൊട്ടടുത്ത ഫ്‌ളാറ്റുകളിലാണ് താമസിച്ചിരുന്നത്. ദുബായില്‍ ബിസിനസില്‍ ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാള്‍ പിന്നീട് ഖത്തറിലെത്തി മെയിന്റനന്‍സ് കമ്പനി തുടങ്ങുകയായിരുന്നു. ടെറാ ഹോംസ് എന്ന പേരിലുള്ള കമ്പനി നാട്ടില്‍ നിന്നും വിസക്ക്‌വന്‍ തുക ഈടാക്കി നിരവധി പേരെ ഖത്തറില്‍ എത്തിച്ചിരുന്നു. ഇവരെ ഉന്നത തസ്തികകളില്‍ നിയമിച്ച ശേഷം പതിനായിരം മുതല്‍ ഇരുപതിനായിരം റിയാല്‍ വരെ മാസശമ്പളായി തുടക്കത്തില്‍ ഓരോ മാസവും ബാങ്ക് അക്കൗണ്ടുകള്‍ വഴി കൈമാറിയതിന് ശേഷം പിന്‍വലിക്കുകയായിരുന്നു. ഇവരുടെ പേരില്‍ വ്യക്തിഗത വായ്പകളും കാര്‍ ലോണുകളും ക്രെഡിറ്റ് കാര്‍ഡുകളും എടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്.

രണ്ടു ലക്ഷം മൂന്നു ലക്ഷം റിയാല്‍ വരെയാണ് പലരുടെയും പേരില്‍ വായ്പ എടുത്തിരുന്നത്. പിന്നീട് ബാങ്കില്‍ നിന്ന് തിരിച്ചടവ് മുടങ്ങിയതിനുള്ള നോട്ടിസ് വന്നപ്പോഴാണ് തൊഴിലാളികള്‍ വിവരം അറിയുന്നത്.ഇവരില്‍ പലര്‍ക്കും യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. സ്വപ്നാ സുരേഷാണ് ഈ തട്ടിപ്പുകള്‍ ആസൂത്രണം ചെയ്തതെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതിയായ സ്വപ്നാസുരേഷിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് മുംതാസ് എന്ന പേരില്‍ ഖത്തറിലുണ്ടായിരുന്ന യുവതിയെ ഇവര്‍ തിരിച്ചറിയുന്നത്. തട്ടിപ്പിനിരയായ പലര്‍ക്കും നിലവില്‍ യാത്രാ വിലക്കുള്ളതിനാല്‍ ഇവരില്‍ പലരും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നാട്ടിലുമായി ജോലി ചെയ്യുകയാണ്. തൊഴില്‍ തട്ടിപ്പിനിരയായ തൃശൂര്‍ സ്വദേശിയായ യുവാവും മറ്റു ചിലരും നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇസ്മായില്‍ ദോഹയില്‍ അറസ്റ്റിലായത്. നാട്ടില്‍ തിരിച്ചെത്തിയ യുവാവിനെ ചില കള്ളക്കേസുകളില്‍ കുടുക്കാന്‍ സ്വപ്നാ സുരേഷിന്റെ നിര്‍ദേശ പ്രകാരം ശ്രമം നടന്നിരുന്നു. സ്വപ്‌നാ സുരേഷും ഇസ്മായിലുംതമ്മിലുള്ള ബന്ധം വീട്ടുകാരെ അറിയിച്ചതിന്റെ പേരില്‍ ഇസ്മയിലിന്റെ വീട്ടില്‍ കയറി മകളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.

2015 മെയിലാണ്‌സ്വപ്ന മുംതാസ് എന്ന പേരില്‍ ഖത്തറില്‍ എത്തിയത്. നല്ല പെരുമാറ്റവും മാന്യമായ ഇടപെടലുംകൊണ്ട് ആരെയും കയ്യിലെടുക്കാന്‍ കഴിവുള്ള സ്വപ്ന ഖത്തറില്‍ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ വന്നതാണെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. ദോഹയിലെ ചില ഹോട്ടലുകളില്‍ ഖത്തറിലെ ചില ബിസിനസ് പ്രമുഖരുമായി ഇസ്മായിലും സ്വപ്‌നയും പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.സ്ഥിരമായി പര്‍ദ ധരിച്ച് എത്തിയിരുന്ന സ്വപ്നാ സുരേഷ് മുംതാസ് എന്ന പേരില്‍ തന്നെയാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ജൂണ്‍ ആദ്യവാരം നാട്ടിലേക്ക് മടങ്ങിയ സ്വപ്ന അടുത്ത മാസം ജൂലൈ ആദ്യത്തില്‍വീണ്ടും ഖത്തറില്‍ എത്തിയ ശേഷമാണ് ഇസ്മായിലിനൊപ്പം ഫനാറില്‍ എത്തി മതം മാറിയത്. ഏതാനും ദിവസങ്ങള്‍ ഇസ്മായിലിനൊപ്പം കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ,സാമ്പത്തിക തട്ടിപ്പുകേസില്‍ ഇസ്മായില്‍ ഖത്തറില്‍ ജയിലിലായതോടെ ദോഹയില്‍ ആസൂത്രണം ചെയ്ത വന്‍ തട്ടിപ്പുകള്‍ക്ക് അന്ത്യമാവുകയായിരുന്നു.

Tags:    

Similar News