സ്വര്‍ണക്കടത്ത്: ഡിപ്ലോമാറ്റിക് ബാഗേജെന്ന് വിശേഷിപ്പിക്കുന്നതില്‍ യുഎഇക്ക് അതൃപ്തി
അതിനിടെ, കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎഇ എംബസിക്ക് ഇന്ത്യന്‍ വിദേകാര്യമന്ത്രാലയം കത്ത് നല്‍കി
അബൂദബി: പ്രമാദമായ സ്വര്‍ണക്കടത്ത് കേസില്‍ സ്വര്‍ണമെത്തിയത് ഡിപ്ലോമാറ്റിക് ബാഗേജിലെന്ന് വിശേഷിപ്പിക്കുന്നതില്‍ യുഎഇക്ക് അതൃപ്തി. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായെത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജെന്ന് വിശേഷിപ്പിക്കരുതെന്നും ഇക്കാര്യത്തിലുള്ള അതൃപ്തി ഇന്ത്യയെ അറിയിച്ചതായുമാണ് സൂചന. സ്വര്‍ണം പിടികൂടിയെന്നു പറയുന്നത് യുഎഇ ഭരണകൂടം ഔദ്യോഗികമായി അയച്ച കാര്‍ഗോയിലല്ലെന്നും അതിനാല്‍ ഡിപ്ലോമാറ്റിക് ഇമ്മ്യുണിറ്റിയില്ലെന്നുമാണ് യുഎഇയുടെ വിലയിരുത്തല്‍. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലാണ് കാര്‍ഗോ എത്തിയത്. ഇത് യുഎഇയുടെ സര്‍ക്കാര്‍ സംവിധാനം ഇടപെട്ട് അയച്ചതല്ല. ദുബയില്‍നിന്ന് ആര്‍ക്ക് വേണമെങ്കിലും കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സ്വര്‍ണം ഉള്‍പ്പെടെ അയക്കാം.
സാധാരണ നിലടയില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിപരമായെത്തുന്ന കാര്‍ഗോയ്ക്കും രാജ്യങ്ങള്‍ പ്രത്യേക പരിഗണന നല്‍കാറുണ്ട്. ഇതിനപ്പുറത്തേക്കുള്ള പരിഗണന ബാഗേജിന് നല്‍കേണ്ടതില്ല. നിലവില്‍ ഇന്ത്യയില്‍ നടക്കുന്ന അന്വേഷണവുമായി യുഎഇ പൂര്‍ണമായും സഹകരിക്കുന്നുണ്ട്. യുഎഇയും വിഷയത്തില്‍ നടത്തുന്നുണ്ട്. കോണ്‍സുലേറ്റിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന നടപടിയായതിനാല്‍ കേസില്‍ ഉള്‍പ്പെട്ട എല്ലാവരും ശിക്ഷിക്കപ്പെടണം എന്നാണ് യുഎഇയുടെ നിലപാട്. കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരായ സ്വന്തം പൗരന്‍മാര്‍ക്ക് കേസില്‍ പങ്കുണ്ടോയെന്ന് പ്രത്യേകം അന്വേഷിക്കുന്നതായും യുഎഇ വ്യക്തമാക്കി.
അതിനിടെ, കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎഇ എംബസിക്ക് ഇന്ത്യന്‍ വിദേകാര്യമന്ത്രാലയം കത്ത് നല്‍കി. കോണ്‍സുലേറ്റിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അല്‍ ഷെമിലിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്നാണ് കത്തിലെ ആവശ്യം.