ഗൂഗിള്‍ സഹസ്ഥാപകന്റെ വിവാഹമോചനത്തിനു കാരണം ഭാര്യയ്ക്ക് ട്വിറ്റര്‍ സിഇഒയുമായുള്ള ബന്ധമെന്ന് റിപോര്‍ട്ട്
പാരിസ്: ഗൂഗിളിന്റെ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ അഭിഭാഷകയും സംരംഭകയുമായ നിക്കോള്‍ ഷാനഹാനുമായുള്ള വിവാഹമോചനം നേടിയതിന്റെ കാരണം പുറത്ത്. എക്‌സ്(ട്വിറ്റര്‍) ഉടമയും കോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന സംശയമാണ് വിവാഹമോചനത്തിനു കാരണമെന്ന് ബ്രിട്ടീഷ് പ്രസിദ്ധീകരണമായ പേജ് സിക്‌സ് റിപോര്‍ട്ട് ചെയ്തു. ദമ്പതികളുടെ വിവാഹമോചനം മെയ് 26നാണ് നടന്നത്. ഇവര്‍ക്ക് നാല് വയസ്സുള്ള മകളുണ്ട്. വക്കീല്‍ ഫീസ്, സ്വത്ത് വിഭജനം എന്നിവ ഉള്‍പ്പെടെയുള്ള തര്‍ക്കങ്ങള്‍ മധ്യസ്ഥതയില്‍ തീര്‍പ്പാക്കിയതായും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. 2015ലാണ് സെര്‍ജി ബ്രിനും നിക്കോള്‍ ഷാനഹാനും തമ്മില്‍ ബന്ധം തുടങ്ങുന്നത്.
ഈവര്‍ഷം തന്നെ ബ്രിന്‍ തന്റെ ആദ്യ ഭാര്യ ആന്‍ വോജിക്കിയില്‍ നിന്ന് വിവാഹമോചനം നേടി. 2018ല്‍ നിക്കോള്‍ ഷാനഹാനെ വിവാഹം കഴിച്ചതായി ബിസിനസ് ഇന്‍സൈഡര്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, 2021ല്‍ വെവ്വേറെയായിരുന്നു താമസം. തുടര്‍ന്ന് ബ്രിന്‍ 2022ല്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഇതിലാണ് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്നത്. എന്നാല്‍ ഇലോണ്‍ മസ്‌കും നിക്കോള്‍ ഷാനഹനും ആരോപണം നിഷേധിച്ചു.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം 118 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള 50 കാരനായ ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ ലോകത്തിലെ ഒമ്പതാമത്തെ ധനികനാണ്. 34 കാരിയായ ഷാനഹാന്‍ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഒരു അറ്റോര്‍ണിയും ബിയഎക്കോ ഫൗണ്ടേഷന്റെ സ്ഥാപകയും പ്രസിഡന്റുമാണ്.