വീണ്ടും ഗുണ്ടാകുടിപ്പക; തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ ലോഡ്ജ് മുറിയില്‍ കയറി വെട്ടിക്കൊന്നു
പരിക്കേറ്റ തിരുമല സ്വദേശി ഹരികുമാര്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒമ്പതുമണിക്കാണ് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപത്തെ വഴയിലയിലെആറാം കല്ലിലെ ലോഡ്ജിലായിരുന്നു ആക്രമണം.
തിരുവനന്തപുരം: ഗുണ്ടാകുടിപ്പകയെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ കൊലക്കേസ് പ്രതി മരിച്ചു. വഴയില സ്വദേശി മണിച്ചനാണ് മരിച്ചത്. പരിക്കേറ്റ തിരുമല സ്വദേശി ഹരികുമാര്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒമ്പതുമണിക്കാണ് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപത്തെ വഴയിലയിലെആറാം കല്ലിലെ ലോഡ്ജിലായിരുന്നു ആക്രമണം.
നാലുപേര്‍ ചേര്‍ന്ന് ലോഡ്ജില്‍ വെച്ച് മദ്യപിക്കുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തതായി പോലിസ് പറയുന്നു. വാളുകൊണ്ടാണ് രണ്ടുപേര്‍ക്കും വെട്ടേറ്റത്. മരിച്ച മണിച്ചന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മണിച്ചന്‍ മരിക്കുന്നത്.
കൃത്യം നടത്തിയ രണ്ടുപേര്‍ ബൈക്കില്‍ കയറിപ്പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. പക്ഷേ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. 2011ല്‍ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് മണിച്ചന്‍. ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. അരുവിക്കര പോലിസാണ് കേസ് അന്വേഷിക്കുന്നത്.
സംസ്ഥാന തലസ്ഥാനത്ത് കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പോലിസിന്റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാന്‍ കാരണം. കേരളത്തിന്റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യണ്ട പോലിസ് നോക്കുകുത്തിയായി നില്‍ക്കുമ്പോള്‍ ഭീതിയോടെയാണ് ജനം കഴിയുന്നത്.